Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALSPECIAL

ഇന്ന് ജൂൺ 19 വായനാദിനം അഷ്‌റഫ് എ എൻ കെ എഴുതുന്നു

എല്ലാ കുട്ടുകാർക്കും എന്റെ
വായനാദിന ആശംസകൾ..!
മഹാമാരി കോവിഡ് – 19യുടെ നീരാളി പിടുത്തത്തിൽ അമർന്ന് അതിജീവനത്തിൻ്റെ പാഥയിലേക്ക് കുതിക്കുന്ന നിങ്ങളോട്
ഞാൻ കൊച്ചു കഥ പറയട്ടെ..!
വിശ്വപ്രസിദ്ധ ചെറുകഥാകൃത്ത് ആന്റണ്‍ ചെക്കോവ് റഷ്യന്‍ പശ്ചാത്തലത്തിലെഴുതിയ ഒരു കഥയുണ്ട്. ‘ദി ബെറ്റ്’ (പന്തയം).
ഒരു ബാങ്കറും അദ്ദേഹത്തിന്റെ സുഹൃത്തായ വക്കീലും രണ്ട് മില്യണ്‍ റൂബിളിനുവേണ്ടി ഏര്‍പ്പെട്ട പന്തയമാണ് കഥ.
പണം ലഭിക്കാനായി പതിനഞ്ചുവര്‍ഷക്കാലം ബാങ്കര്‍ ഒരുക്കുന്ന തടവറയില്‍ വക്കീല്‍ കഴിയണം. വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടു. അങ്ങനെ വക്കീല്‍ തടവിലായി. കാലങ്ങള്‍ പിന്നിട്ടു. തടവുകാലം പുസ്തക വായനയ്ക്കായി നീക്കിവച്ച വക്കീല്‍ പന്തയം തീരുന്നതിന് അഞ്ച് മിനിട്ട് മുമ്പ് മുറിയില്‍ നിന്നും രക്ഷപ്പെട്ടതാണ് കഥ.
വായനയിലൂടെ താന്‍ നേടിയ അറിവിന്റെ അയലത്തുപോലും വരില്ല പന്തയപ്പണം
എന്ന തിരിച്ചറിവാണ് വ്യവസ്ഥ ലംഘിച്ച് രക്ഷപ്പെടാന്‍ വക്കീലിനു പ്രേരണയായത്.
ഈ കഥ നേരിട്ടും അല്ലാതെയും പറഞ്ഞുവെക്കുന്ന ഒരു കാര്യമുണ്ട്.
നല്ല വായന മനുഷ്യനെ ഏതെല്ലാം നിലകളിലേക്ക് മാറ്റുമെന്നതിന്റെ ദിശാസൂചിയായി കഥയെ കാണാം. ഇങ്ങനെയൊരു കഥ കൂട്ടുകാരെ ഓര്‍മ്മപ്പെടുത്താന്‍ കാരണം ഇന്ന് വായനാദിനമാണ്.
വായനശാലകളും നിറഞ്ഞ വായനയുമില്ലാത്ത ഒരുനാടും മലയാളക്കരയില്‍ ഉണ്ടാവരുതെന്ന ഉല്‍ക്കടമായ ആഗ്രഹത്താല്‍ നമ്മുടെ വായനാസംസ്‌കൃതിക്ക് ശില പടുത്ത മഹാന്‍
പി എന്‍ പണിക്കരുടെ ചരമദിനമാണ്
ജൂണ്‍ 19. അതാണ് മലയാളിയുടെ വായനാദിനം. കേരളത്തില്‍ ഗ്രന്ഥശാല പ്രസ്ഥാനത്തിനു തുടക്കമിട്ട പുതുവായില്‍ നാരായണപ്പണിക്കരെന്ന പി എന്‍ പണിക്കരിലൂടെ കേരളം നടത്തിയ നല്ല വായനയെ ഓര്‍ക്കാനും ഒപ്പം
പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെ അപാരതകളിലേക്കുയരാനും ഓരോ മലയാളിക്കും പ്രേരണ നല്‍കുന്ന
ദിവസം കൂടിയാണിത്.
വായനയിലൂടെ പൂര്‍ണത എന്ന മഹത്തായ സന്ദേശമാണ് വായനാദിനം നമുക്കേകുന്നത്. മത്സരക്ഷമമായ ലോകത്ത് എന്നും എവിടെയും ഒന്നാമനാകാനുള്ള ആയുധമായി അക്ഷരങ്ങളെ കയ്യേല്‍ക്കാനുള്ള ശുഭമുഹൂര്‍ത്തം കൂടിയാണ് വായനാദിനം.
1909 മാര്‍ച്ച് 1ന് ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍ ജനിച്ച പി എന്‍ പണിക്കര്‍ മഹാനായ അക്ഷരസ്‌നേഹിയായിരുന്നു. പ്രഗത്ഭനായ ആ അധ്യാപകന്‍ തന്റെ തോള്‍സഞ്ചിയില്‍ പുസ്തകവും പേറി
നാടായ നാടൊക്കെ ചുറ്റിസഞ്ചരിച്ചു. പുസ്തകവായനയെപ്പറ്റി പ്രസംഗിച്ചു.
നല്ല ഗ്രന്ഥങ്ങള്‍ നമുക്കെന്നും നല്ല ചങ്ങാതിമാരാണെന്ന അറിവുനല്‍കി.
ക്രമേണ കേരളത്തില്‍ അടിവേരുകളുള്ള ഒരു ഗ്രന്ഥശാലാ പ്രസ്ഥാനം വളര്‍ന്നുവരാന്‍ ഈ ശ്രമങ്ങള്‍ കാരണവുമായി. 1996 തൊട്ട് നാം വായനാദിനം ആചരിച്ചുവരുന്നത് ഈ ഓര്‍മ്മയെ മുന്‍നിര്‍ത്തിയാണ്.
എല്ലാ വായനാദിനത്തിലും മലയാളിക്ക് ഓര്‍ക്കാന്‍ ചില വരികള്‍ നമ്മുടെ
പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷും തന്നിട്ടുണ്ട്.
‘വായിച്ചാല്‍ വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചാല്‍ വിളയും
വായിച്ചില്ലെങ്കില്‍ വളയും’
വായന നമ്മുടെ വളര്‍ച്ചയില്‍ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയാണ് കവി ഇവിടെ പറഞ്ഞിരിക്കുന്നത്.
തനിക്ക് ഓപ്പറേഷനുപകരം വായിക്കാന്‍ പുസ്തകം തന്നാല്‍ മതിയെന്നു പറഞ്ഞ
സ്വാമി വിവേകാനന്ദന്റെ കഥയും നിങ്ങള്‍ കേട്ടിട്ടുണ്ടാകണം. ഇതെല്ലാം സൂചിപ്പിക്കുന്നത് പരന്ന വായനയുടെ പ്രാധാന്യത്തെയാണ്. വായനയ്‌ക്കൊപ്പം എഴുതാനും പുസ്തകാസ്വാദനം നടത്താനും ശ്രമിച്ചാല്‍ നമ്മുടെ ജീവിതത്തിനുതന്നെ അതൊരു മുതല്‍ക്കൂട്ടാവും. ഒരിക്കലും നശിക്കാത്തവയാണ്. അക്ഷരങ്ങള്‍ എന്ന ഓര്‍മ്മപ്പെടുത്തലും കൂട്ടുകാരിലേക്ക് പകരണം. അടച്ചുവച്ച പുസ്തകങ്ങളല്ല തുറന്നുവച്ച പുസ്തകങ്ങളാണ് സംസ്‌കാരത്തിന്റെ
ഹേതു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നല്ല വായനയ്ക്കായി നമ്മൾ ഒരുങ്ങണം.
അറിവിന്റെ ചെറിയ ഈ സന്ദേശം നൂറ്റാണ്ടിലെ മഹാമാരിയിൽ ലോക് ഡൗണിലായ നമുക്ക് വായനാദിനത്തിൽ പങ്കുവെയ്ക്കാം.
വായനാദിനവുമായി ഓൺലൈൻ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കെടുക്കുമല്ലോ?
എല്ലാ കൂട്ടുകാര്‍ക്കും
വായനാദിനാശംസകള്‍
അഷ്റഫ് എഎൻകെ.
(മലയളവിഭാഗം)