Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

SPECIAL

ചില കർക്കിടക കാഴ്ചകൾ

ചില കർക്കിടക കാഴ്ചകൾ

ഓലച്ചുട്ട്….!

കൊച്ചുന്നാളിൽ കർക്കിടക മാസം
കടന്നു വന്നാൽ മഴ പെയ്ത്തിനിടയിൽ
സന്ധ്യ കഴിഞ്ഞാൽ വല്യമ്മാമ വിളിച്ച് അടുത്തിരുത്തിക്കും.മണ്ണെണ്ണ വിളക്കിനെയും നോക്കി ഉറക്കം വരുന്നതുവരെ അന്ന് ഒരോകഥകൾ പറഞ്ഞ് തരും..!
പിന്നെ ആ മടിയിൽ കിടന്ന് അങ്ങിനെ ഉറങ്ങും. വല്ല്യപ്പ ജന്മിയുടെ പാടത്തെ കാളപൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാൽ കറുത്ത ഒരു പുകയില ചുരുട്ട് കത്തിച്ച്
നീട്ടി വലിച്ചൂതി അടുത്തുള്ള ചൂരൽ കസേരയിൽ അങ്ങിനെ ചരിഞ്ഞ് കിടക്കും.
മഴ പെയ്ത്തിനിടയിൽ ചില കൂക്കിവിളികൾ അങ്ങിങ്ങു മുഴങ്ങിയാൽ വല്യുപ്പ നീട്ടി ഒരു കൂക്കുകുക്കും..! അതിൻ്റെ പൊരുൾ എനിക്കിപ്പോഴും പിടികിട്ടിയിട്ടില്ല. അന്നൊക്കെ കർക്കിടക മാസമായാൽ വീട്ടിൽ കർക്കിടക കഞ്ഞി പതിവാണ്. ഇന്നും അങ്ങിനെ തന്നെ പക്ഷെ പഴയ പഴമയുടെ രുചിയില്ല..!
മഴയുടെ സംഹാരനൃത്തത്തിനിടയിൽ, നല്ല ശീതക്കാറ്റ് വന്ന് തലോടുമ്പോൾ ചൂടുള്ള കർക്കിടക കഞ്ഞിയും കുടിച്ച്‌ അനുജൻ്റ കൂടെ എന്തെലും വികൃതി കാട്ടിയിരിക്കും. കർക്കിടകമാസത്തിന് ഒരു പാട് പ്രത്യേകതയുണ്ട് .അയൽപക്കത്തെ അശോകേട്ടൻ്റെ വീട്ടിൽ
കർക്കിടക സംക്രാന്തിക്ക് ‘പൊട്ടിയെ ആട്ടുക ‘ എന്ന ഒരുചടങ്ങ് നടത്താറുണ്ട്.
തലേദിവസം തന്നെ വീടും പരിസരവും വൃത്തിയാക്കും.
കുട്ടിക്കാലത്തെ രസകരമായ ചില ഓർമ്മകൾ ഞാനിവിടെ പങ്കു വെക്കുമ്പോൾ പുതിയതലമുറക്ക്
ഇതെല്ലാം ഭ്രാന്തൻ ജല്പനങ്ങളായേ
തോന്നൂ. അയൽപക്കത്തെ മുത്തശ്ശിയമ്മ ഒരു പഴയ മുറത്തിൽ ഒരു ചൂലും അടിച്ചുവാരിയതുമെടുത്ത് മുഷിഞ്ഞു കീറിയ വസ്ത്രത്തോടെ വീടിൻ്റെ എല്ലാ മുക്കിലും മൂലയിലും നോക്കി മുന്നിൽ നടക്കും. പിന്നിൽ വിളക്കുമായി വീട്ടിലെ ഒരു കുട്ടിയും.കാണാൻ രസകരമായ ഒരു ചടങ്ങ്.ഇവരുടെ പിന്നിൽ ഒരു വിളക്കുമായി മറ്റൊരാളെയും കാണാം. ഇതെല്ലാം ഞങ്ങൾ കുട്ടികൾ നോക്കിയിരിക്കും. എന്നിട്ട് ഉച്ചത്തിൽ അവർ വിളിച്ച് പറയും
പൊട്ടിയും മക്കളും പോ…പോ.. ശീപോതിയും മക്കളും വായോ..വായോ.. എന്ന്. അങ്ങിനെ നടന്നു പോകും.
പിറ്റെ ദിവസം അതായത് കർക്കിടം
ഒന്നിനാണ് കലിയെ വിളിക്കുന്നത്
എന്നാണ് എൻ്റെ ഓർമ്മ.വൈകുന്നേരം കാള, പോത്ത്, ഏണി, കോണി തുടങ്ങിയവ തയ്യാറാക്കുന്നത് ഞങ്ങൾ നോക്കി നിൽക്കും. കുട്ടുകാരൻ്റെ വലിയമുത്തഛനാണ് ഇതെല്ലാം ഉണ്ടാക്കുക.
പ്ലാവില കൊണ്ട് പോത്തുകളെയും വാഴത്തട്ടയും ഈർക്കിലും കൊണ്ട് കാളകളെയും ഏണിയും കോണിയും. അങ്ങിനെ ഒരോന്നും.
പിന്നെ ഉണങ്ങിയ ഓലക്കൊടി കൊണ്ട് വലിയ ഓലചൂട്ടും ഉണ്ടാക്കി വെക്കുന്നത് കാണാം . വീട്ടിലെ പ്രായം ചെന്ന മുത്തശ്ശി ചോറും വിഭവങ്ങളും ചിരട്ടയിലാക്കി ശരിയാക്കി വെക്കും സമയം സന്ധ്യയോട് അടുത്താൽ എല്ലാം അടുത്തുള്ള വലിയ മരത്തിൻ്റെ ചുവടെ വെക്കും.
സന്ധ്യക്ക് വിളക്ക് വെച്ചാൽ ആ വലിയവിളക്കിൽ നിന്ന് നേരത്തെ ശരിയാക്കി വെച്ച ചൂട്ടിലേക്ക് തീ കൊടുക്കും
പിന്നെ എല്ലാവരും ഉച്ചത്തിൽ വിളിച്ച്
കൂവും
“കലിയാ…. കലിയാ കൂ… കലിയാ….
കലിയാ കൂ…
ഞങ്ങടെ പ്ലാവിൻ്റെയും മാവിൻ്റെയും
ചോട്ടിലൂടെ പോ…!
ചക്കേം മാങ്ങേം തായോ….
നെല്ലും പണോം തായോ…
കലിയാ…. കലിയാ…. കൂ…
കലിയാ…കലിയാ…കൂ…”
കൂകിവിളി കഴിഞ്ഞാൽ
ഓലചൂട്ട് പ്ലാവിൻ്റെയോ മാവിൻ്റെയോ മുകളിലേക്ക് എറിയുന്നതോടെ
ചടങ്ങ് കഴിയും.
പഴയകാലത്തിൻ്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അക്കാലത്തിൻ്റെ ജീവിതചിത്രം നമുക്ക് കാണിച്ചു തരുന്നു.
പോയ നല്ലകാലത്തിൻ്റെ നാട്ടിടവഴികളിലൂടെ മനസൊന്നിറങ്ങി നടന്നപ്പോൾ കിട്ടിയ ചില ഓർമ്മചിന്തുകൾ മാത്രമാണിത്..!
വല്യുമ്മ പറഞ്ഞു തന്ന കഥകളിന്നും മനസ്സിൽ താലോലിച്ച് കൊണ്ട് നടക്കുമ്പോൾ കാലത്തിൻ്റെ വക്കിൽ കോവിഡ് മഹാമാരിയെയും തുറിച്ച് നോക്കി നിൽക്കയാണ് ഞാൻ.
കോവിഡിനെയും ഇങ്ങനെ കൊണ്ടു പോയിരുന്നെങ്കിൽ…! വെറുതെ മനസ്
കൊതിച്ച് പോയി.
അഷ്റഫ്.എ എൻ കെ.
(മലയാള വിഭാഗം,
പിടിഎം വൈ എച്ച് എച്ച് എസ് .എടപ്പലം)
20/7/2020.