Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

പട്ടാമ്പി താലൂക്കില്‍ ജൂലൈ 21 മുതല്‍ ലോക്ക് ഡൗണ്‍: റാപ്പിഡ് ടെസ്റ്റ് വ്യാപിപ്പിക്കും

പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് ഉറവിട മറിയാതെ കോവിഡ് 19 സ്ഥിരീകരിക്കുകയും തുടര്‍ന്ന് 67 പേര്‍ക്ക് രോഗബാധയുണ്ടായി ക്ലസ്റ്റര്‍ രൂപീകരിക്കപ്പെട്ട സാഹചര്യത്തിലും പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ജൂലൈ 21 മുതല്‍ ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പട്ടാമ്പി മേഖലയിലെ അനുബന്ധ പഞ്ചായത്തുകളില്‍ ലക്ഷണങ്ങള്‍ കാണുന്ന മുറയ്ക്കും വരും ദിവസങ്ങളില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ലോക്ക് ഡൗണ്‍ കാലാവധി പ്രദേശത്തെ അവസ്ഥ പരിശോധിച്ച് പിന്നീട് തീരുമാനിക്കും. പട്ടാമ്പിയില്‍ രൂപപ്പെട്ട രോഗബാധയുടെ ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും. ഈ മേഖലയില്‍ അത്യാവശ്യക്കാര്‍ മാത്രം പുറത്തിറങ്ങുക. പൊതുഗതാഗതം ഉണ്ടാകില്ല. പ്രശ്‌നബാധിത പ്രദേശത്തിലൂടെ വാഹനമോടിക്കുന്നവര്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ക്ലസ്റ്ററുകള്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുന്നില്‍ക്കണ്ട് മുന്‍ ദിവസങ്ങളില്‍ തീരുമാനിച്ച പ്രകാരം റാപ്പിഡ് ടെസ്റ്റുകള്‍ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.

പട്ടാമ്പി മേഖലയിലെ 28 തീവ്രബാധിത മേഖലകളിലുമുള്‍പ്പെടെ 47 കേന്ദ്രങ്ങളാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധനക്ക് വിധേയമാക്കുക. മീന്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി വ്യാപാര കേന്ദ്രങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍, ഊരുകള്‍, ബസ് സ്റ്റാന്റുകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ടെസ്റ്റുകള്‍ നടത്തും. റാപ്പിഡ് ടെസ്റ്റ് വ്യാപകമാക്കുന്നതിന്റെ ഭാഗമായി അനുബന്ധ സാമഗ്രികള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ചെറിയ ലക്ഷണമുള്ളവര്‍ പോലും അധികൃതരെ ഉടന്‍ വിവരം അറിയിക്കണം
നേരത്തെ തിരിച്ചറിഞ്ഞാല്‍ വ്യാപനം തടയാം

ചെറിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പോലും ഉത്തരവാദിത്തപ്പെട്ടവരെ ഉടന്‍ വിവരം അറിയിക്കണം. രോഗം നേരത്തെ തിരിച്ചറിഞ്ഞാല്‍ വ്യാപനം തടയാം. പ്രാഥമിക ലക്ഷണം കണ്ടാല്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് പരിശോധനക്ക് വിധേയമാകണം. ലോക് ഡൗണ്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരാകുകയാണ്. ജനങ്ങള്‍ പൂര്‍ണമായും ഇതിനോട് സഹകരിക്കണം.

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കണം

സമൂഹ വ്യാപനം മുന്നില്‍ കണ്ട് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ക്കായി പശ്ചാത്തല സൗകര്യം സജ്ജമാക്കണം. ഇതിനായി പഞ്ചായത്തുകള്‍ക്ക് 50,000 രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ അതത് പഞ്ചായത്തുകള്‍ക്ക് ആവശ്യാനുസരണം പ്ലാന്‍ ഫണ്ട് ഉപയോഗിക്കാം. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതില്ല. ജില്ലാ ആസൂത്രണ സമിതി അംഗീകാരം പിന്നീടാവാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ജില്ലകള്‍ക്ക് തുക നല്‍കിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്.

  • ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ക്ക് മുന്‍ഗണന:

പട്ടാമ്പി മേഖലയിലെ 47 ഇടങ്ങള്‍ കേന്ദ്രീകരിച്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കും

സമൂഹ വ്യാപനം ഉണ്ടായാല്‍ നേരിടുന്നതിനായി പാലക്കാട് മെഡിക്കല്‍ കോളേജ്, പുതുശ്ശേരി കിന്‍ഫ്ര, പെരിങ്ങോട്ടുകുറിശ്ശി എം.ആര്‍.എസ് എന്നീ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ക്ക് പുറമേ പട്ടാമ്പി മേഖലയിലുള്ള 47 കേന്ദ്രങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ സമീപനം. സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആശുപത്രിയാക്കുന്നതിനുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്ന് മന്ത്രി അറിയിച്ചു.

  • സ്ഥിതി ഗൗരവം, നിയന്ത്രണങ്ങളുമായി സഹകരിക്കണം

ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ രാഷ്ട്രീയം കാണാതെ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും നല്ല മനസോടെ ഇടപെടണമെന്നും മന്ത്രി അറിയിച്ചു. കക്ഷിരാഷ്ട്രീയപരമായ ചേരിതിരിവ് പാടില്ല. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരല്ലെന്നും മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ നോഡല്‍ ഓഫീസര്‍ എസ്.കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.

  • ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്
    Muhammed Muhassin