Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALASPECIAL

അറിവിന്റെ ലോകത്തിലേക്ക്നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നവരെ ആദരിക്കാനുള്ള ഒരുസുദിനം.സെപ്റ്റബർ 5.

അദ്ധ്യാപനത്തിന്‍റെ മഹത്വം
ഉദ്ഘോഷിക്കുന്ന ദിവസം.
ഇന്ത്യയിൽ അദ്ധ്യപകദിനമായി ആഘോഷിക്കുന്നത്
സെപ്റ്റംബര്‍ അഞ്ചാണ്. ലോക അദ്ധ്യപകദിനം ഒക്ടോബർ അഞ്ചുമാണ്.
കരുത്തും കഴിവുമുള്ള തലമുറകളുടെ സൃഷ്ടിക്ക് തണലായി നില്‍ക്കുന്ന അദ്ധ്യാപകരെ ആദരിക്കുന്ന ദിവസമാണിന്ന്.
അദ്ധ്യാപകദിനം..!
അവരുടെ പ്രവര്‍ത്തനങ്ങളെ
സ്മരിക്കുന്ന ദിവസം..!
എന്നൊക്കെ നമുക്ക് വിശേഷിപ്പിക്കാം.
അധ്യാപകനും ഇന്ത്യയുടെ
രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന
ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ
പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി നാമിന്ന് ആചരിക്കുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ
രാഷ്ട്രപതിയായിരുന്നു ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്‍.
അദ്ധ്യാപകനായാണ് ഡോ:എസ് രാധാകൃഷ്ണന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്.
അദ്ധ്യാപകന്‍ എന്ന നിലയിലാണ് ലോകപ്രശസ്തനായതും..!
ലോകത്തെ നൂറോളം സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.
രാജ്യം പരമോന്നത ബഹുമതിയായ
“ഭാരതരത്നം ” നല്‍കി.
രാഷ്ട്രപതിയായിരിക്കേ അദ്ദേഹത്തിനാണ് ആദ്യമായി ഭാരതരത്നം ലഭിച്ചത്.
തത്വചിന്തകന്‍, അദ്ധ്യാപകന്‍,
നയതന്ത്രജ്ഞന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാംസ്കാരിക നായകന്‍ എന്നീ നിലകളീല്‍ അദ്ദേഹത്തിന്‍റെ സേവനം വിലപ്പെട്ടതാണ്.
വസുധൈവ കുടുംബകം
എന്നതായിരുന്നു ഡോ: രാധാകൃഷ്ണന്‍റെ കാഴ്ചപ്പാട്. വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് നമുക്കറിയാം. ഓൺലൈൻ വിദ്യാഭ്യാസം സജീവമായ ഇക്കാലത്ത് വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഘടകം അദ്ധ്യാപകർ തന്നെയാണ് എന്നതിൽ സന്ദേഹമില്ല.
ലോക ചരിത്രത്തിൻ്റെ ആരംഭത്തിൽ അദ്ധ്യാപനം ഒരു പ്രത്യേക തൊഴിലായി പരിഗണിച്ചിരുന്നില്ല. വിദ്യാഭ്യാസം സാർവ്വത്രികമായതോടെയാണ് അദ്ധ്യാപകർ എന്ന പ്രത്യേക വർഗ്ഗമുണ്ടായത്. പുരാതനകാലത്ത് വളരെ പ്രസിദ്ധമായ വിദ്യാഭ്യാസ കേന്ദ്രങ്ങളുണ്ടായിരുന്നു.
നളന്ദയും തക്ഷശിലയുമെല്ലാം ഇതിൻ്റെ മകുടോദാഹരണങ്ങളാണ്. ഏറ്റവും നല്ല അദ്ധ്യാപകൻ പഠിപ്പിക്കുന്നത് പുസ്തകങ്ങളിൽ നിന്നാവരുത്.മറിച്ച് ഹൃദയത്തിൽ നിന്നായിരിക്കണം..!
ഒരു വിദ്യാർത്ഥിയെ എങ്ങിനെ ജീവിക്കണമെന്ന് പഠിപ്പിക്കുന്നത് അദ്ധ്യാപകൻ തന്നെയാണ്. നല്ല അദ്ധ്യാപകനു പ്രധാനമായും നാലു ഗുണങ്ങളുണ്ടായിരിക്കണം. സൃഷ്ടിപരത, പരിചിന്തനശേഷി, നൂതനത്വം, സൂക്ഷ്മബോധം എന്നിവയാണവ.
വിദ്യാർത്ഥികളെ നേർവഴിക്കു നയിക്കുന്നതിൽ രക്ഷിതാക്കളെക്കാൾ ഉത്തരവാദിത്തം അദ്ധ്യാപകർക്കു തന്നെയാണ്. ഒരു നല്ല അദ്ധ്യാപകന്‍ മെഴുകുതിരി പോലെയാണ്..!
കോവിഡ് 19-ൻ്റ ഈ കെട്ടകാലത്ത് വിദ്യാഭ്യാസത്തിൻ്റെയും അദ്ധ്യാപകൻ്റെയും വിദ്യാലയങ്ങളുടെ പ്രസക്തി എത്രമാത്രമാണെന്ന് നാം തിരിച്ചറിഞ്ഞുകൊണ്ടിരിക്കയാണ്. അറിവിൻ്റെ ആദ്യാക്ഷരങ്ങൾ നുകരാൻ വിദ്യാലയങ്ങൾ തുറക്കപ്പെടുന്ന ഒരു സുദിനം വന്നെത്തും എന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. അദ്ധ്യാപകദിനത്തിൽ ഞാനെൻ്റെ ഒരനുഭവം നിങ്ങൾക്ക് മുമ്പിൽ പങ്കുവെയ്ക്കട്ടെ..!
സുബ്ഹിബാങ്കിന്റെ മനോഹരമായ ഈണം……! കാതിൽ അലയടിച്ച് ഉയർന്നപ്പോഴാണ് അഫീലിനെ കുറിച്ചോർത്തത്….! വർഷങ്ങൾക്കപ്പുറത്തെ ഒരു ജൂൺ മാസത്തിലൂടെ മനസ് പാറി പറന്നു..!കടിഞ്ഞാണില്ലാത്ത ഒരു കുതിരയെപോലെ…!
വർഷങ്ങൾക്ക് ശേഷം എന്നെ കാണാനെത്തിയതായിരുന്നു അഫീൽ..!
പത്താം ക്ലാസിലെ “നാക്കാം ഞാണിൽ വീഴാതെ നിൽക്കാം വാക്കാം വർണ്ണക്കുട ചൂടി ” – എന്ന കാവ്യശകലം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു അവന്റെ തുടക്കം…. !
ഗതകാലത്തിന്റെ ഇടനാഴികളിലൂടെ ഉളിയിട്ടിറങ്ങിയപ്പോഴാണ് അന്നത്തെ ഒരു പത്താം ക്ലാസിന്റെ ഓർമ്മകൾ വാക്കാം വർണ്ണക്കുടയായി എന്റെ മുന്നിൽ വന്നു നിൽക്കുന്നതായി അനുഭവവേദ്യമായത്.
സുഖവിവരങ്ങൾ അന്വേഷിച്ചെത്തിയതായിരുന്നു അഫീൽ.ഓർമ്മകളുടെ മുല്ലമൊട്ടുകൾ മനസിൽ സൂക്ഷിച്ച അപൂർവ്വം വിദ്യാർത്ഥികളിൽ ഒരാൾ..!ചിങ്ങത്തിന്റെ മാരി പെയ്ത്തിലും മുന്നിൽ വന്നു നിൽക്കുന്ന കോവിഡ്-19 എന്ന മഹാമാരി മനുഷ്യൻ ഒന്നുമല്ല എന്നോർമ്മപ്പെടുത്തുമ്പോൾ എടപ്പലമെന്ന കൊച്ചുഗ്രാമവും, നിളയും, കുന്തിപുഴയും, ആലിക്ക പള്ളിയും, കൊപ്പവുമെല്ലാമണ് മനസിന്റ തുരുത്തിലേക്ക് പറന്നെത്തുന്നത്..!
ഒപ്പം എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളും..!
തിമർത്തു പെയ്യുന്ന മഴയും കോവിഡും, ലോക്ക് ഡൗണും
ഒരു കോഴിക്കോടൻ ഗ്രാമത്തിൽ എന്നെയും ഒറ്റപ്പെടുത്തി…..! പ്രത്യാശയുടെ ചില്ലകൾ പിന്നെയും പൂക്കുമെന്ന പ്രതീക്ഷയോടെ…
തസ്‌മൈ ശ്രീ ഗുരുവേ നമഃ.
അധ്യാപകദിന ആശംസകൾ.

അഷ്റഫ്.എ.എൻ.കെ.
5/9/2020