സഹപാഠി സ്നേഹത്തിലും ആദിൽ ഷഹീന് എ പ്ലസ്
എസ്.എസ്.എൽ.സി. പരീക്ഷയിൽ ഗണിത ശാസ്ത്രത്തിൽ D+ ഗ്രേഡ് നേടാനാവാത്തതിനാൽ ഉന്നത പഠനത്തിന് അർഹത നേടാനാവാത്ത നാട്ടുകാരനായ സഹപാഠിക്ക് പരിശീലനം നൽകി സേ പരീക്ഷയിൽ വിജയിക്കാനായ സംതൃപ്തിയിലാണ് കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ആദിൽ ഷഹീൻ.
പല ദിവസങ്ങളിലായി സഹപാഠിയെ വീട്ടിലെത്തിച്ചാണ് ആദിൽ ഷഹീൻ പി.ടി.എം.സ്‌കൂളിലെ ഗണിതാധ്യാപകൻ സുനിൽ ജോസഫിന്റെ മാർഗനിർദേശാനുസാരമുള്ള പരിശീലനം നൽകിയത്.
ഇരുവരും എടപ്പലം പി.ടി.എം.സ്‌കൂളിലെ വിദ്യാർത്ഥികളാണ്.
എട്ടിലും ഒമ്പതിലും പഠിച്ചു കൊണ്ടിരിക്കെ പഠന വൈകല്യം നേരിട്ടിരുന്ന നാട്ടുകാരനായ മറ്റൊരു ഹയർ സെക്കണ്ടറി വിദ്യാർത്ഥിക്കും പരീക്ഷാസഹായിയായി പ്ലസ് വണ്ണിനും പ്ലസ് ടുവിനും ഉന്നത ഗ്രേഡ് നേടിക്കൊടുക്കാനായ ആദിൽ ഷഹീൻ മൂർക്കനാട് ആറ്റത്തൊടി മൊയ്തീൻ മാസ്റ്ററുടെയും ബരീറ ടീച്ചറുടെയും ഇളയ മകനാണ്.
സേ പരീക്ഷാ ഫലത്തോടെ സ്‌കൂളിന് 100% (751 വിദ്യാർത്ഥികൾ )വിജയം നേടിക്കൊടുത്ത വിദ്യാർത്ഥികളെ പ്രധാനാധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിൽ, അധ്യാപകർ, പി.ടി.എ,മാനേജ്‌മന്റ് എന്നിവർ അഭിനന്ദിച്ചു.