Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

SPECIAL

കരിമ്പനകൾ കഥ പറയുന്ന നാട്ടുവഴികളിലൂടെ..!

ഓർമ്മകൾ പൂത്തുനിൽക്കുന്ന
ഒരു ദേശത്തിൻ്റെ ഉത്സവ കാഴ്ച.
എടപ്പലം ഹയർസെക്കൻ്ററി സ്ക്കൂൾ മലയാള വിഭാഗം അദ്ധ്യാപകൻ അഷ്‌റഫ് എഎൻകെ രായിരനല്ലൂർ മലകയറ്റത്തിൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു.

കരിമ്പനകൾ കഥ പറയുന്ന നാട്ടുവഴികളിലൂടെ..!

ഇന്ന് തുലാം ഒന്ന്.
പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്ത്..! മലപ്പുറം ജില്ലയുടെ അതിർത്തിയിൽ കുന്തി പുഴയോട് ഓരം ചേർന്ന് കിടക്കുന്ന ഒരു കൊച്ചുഗ്രാമം..! എടപ്പലം.
എടപ്പലത്തു നിന്നു കിഴക്കോട്ട് ഒന്നു കണ്ണോടിച്ചാൽ പറയിപ്പെറ്റ പന്തിരുകുലത്തിന്റെ ഐതീഹ്യ പെരുമയുറങ്ങുന്ന രായിരനല്ലൂർ മല പച്ച പട്ടു പുതച്ച് നിൽക്കുന്ന കാഴ്ച കണാം..!
രണരാഘവനെല്ലൂര്‍ എന്ന പേര് ലോപിച്ചാണ് രായിരനെല്ലൂര്‍ ആയതെന്ന് കഥയുണ്ട്
സൂക്ഷിച്ചു നോക്കിയാൽ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന നാരാണത്തു ഭ്രാന്തന്റെ, ശില്പിയായ സുരേന്ദ്ര കൃഷ്ണന്റെ കരവിരുതിൽ തീർത്ത വളരെ ദൂരെനിന്നേ കാണാവുന്ന ഭംഗിയുള്ള നാരാണത്തിന്റെ ശിലാ പ്രതിമയും നമുക്ക് കാണാം.
പ്രകൃതിയുടെ വശ്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന മനോഹരമായ ഒരു കാഴ്ച തന്നെയാണ്..! വിശാലമായ നെൽപാടം..! കന്നി മാസത്തിൻ്റെ അവസാനദിനങ്ങൾ, തുലാവർഷത്തിൻ്റെ ആരംഭത്തിലെ കാറ്റും മഴയും..! കാർഷിവൃത്തിയിൽ വ്യാപൃതരായ ഒരു പറ്റം ഗ്രാമീണർ…!
ഒരു ദേശത്തിൻ്റെ ജീവൽസ്പന്ദനം.
പാലക്കാട് ജില്ലയുടെ പടിഞ്ഞാറു
ഭാഗത്തായി വിളയൂർ തിരുവേഗപ്പുറ ദേശത്താണ് രായിരനല്ലൂർ മല.
പാല പൂമണമുള്ള നാട്ടുവഴികളും
കരിമ്പനകളും ഈ ദേശത്തിന്റെ
ഒരു പ്രത്യേകതയാണ്.
പറയിപ്പെറ്റ പന്തിരുകുലത്തിലെ അംഗങ്ങളായിരുന്നു
മേഴത്തോൾ അഗ്നിഹോത്രി,
പാക്കനാർ,രജകൻ,കാരയ്ക്കലമ്മ,
അകവൂർ ചാത്തൻ,വടുതല നായർ,
വള്ളോൻ / തിരുവള്ളുവർ,
ഉപ്പുകൂറ്റൻ,പാണനാർ,
ഉളിയന്നൂർ, പെരുന്തച്ചൻ,
വായില്ലാക്കുന്നിലപ്പൻ,
നാരാണത്ത് ഭ്രാന്തൻ – എന്നിവർ.
വിക്രമാദിത്യ മഹാരാജാവിന്റെ സഭയിലെ നവരത്നങ്ങളിലൊരാളായ വരരുചിയുടെ മകനായാണ് നാരാണത്ത് ഭ്രാന്തന്റെ ജനനം. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമാണ് നാറാണത്ത് ഭ്രാന്തൻ.
പാലക്കാട് ജില്ലയിലെ ചെത്തല്ലൂർ പ്രദേശത്തെ നാറാണത്തു മംഗലം മനയിലാണ് മാതാപിതാക്കൾ ഉപേക്ഷിച്ചതിന് ശേഷം ഇദ്ദേഹം വളർന്നതതെന്ന് പറയുന്നു. നാരാണത്ത് വേദം പഠിക്കാനാണ് തിരുവേഗപ്പുറയിൽ എത്തിയതെന്ന് പറയപ്പെടുന്നു. പിടികിട്ടാത്ത സമസ്യകളുടെ ഉന്മാദാവസ്ഥയില്‍ വന്യമായ കരുത്തോടെ മലയുടെ മുകളിലേക്ക് കല്ലുരുട്ടികയറ്റുകയും അത് താഴേക്ക് തള്ളിയിട്ട് ഉറക്കെ കൈ കൊട്ടി ചിരിക്കുകയും നാരാണത്ത് ചെയ്തിരുന്നുവത്രെ. ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ തത്വജ്ഞാനിയായ ഭ്രാന്തന്‍ കാണിച്ചു കൊടുക്കുകയായിരുന്നു ഇതിലൂടെ.

വളാഞ്ചേരിയിൽ നിന്നും ബസിൽ ഇരുപതു മിനിറ്റ് യാത്ര ചെയ്ത് നടുവട്ടം എന്ന സ്ഥലത്ത് ഇറങ്ങിയാൽ രായിരനല്ലൂർ മലയിലേക്ക് വഴിയുണ്ട്.
എടപ്പലം ഹയർസെക്കൻ്റ
സ്ക്കൂളിലേക്കുള്ള എന്റെ യാത്ര
എന്നും ഇതുവഴിയാണ്.

കോവിഡ് 19യുടെ നീരാളിപിടുത്തത്തിൽ എല്ലാം നിശ്ചലമായി.ഈ വർഷം മലയ കയറ്റമില്ല എന്നാണ് അറിഞ്ഞത്. ഓർമ്മകളിൽ പൂത്തുനിൽക്കുന്ന ഒരു ദേശത്തിൻ്റെ ഉത്സവ കാഴ്ച്ചകൾ ഓർമ്മകളിൽ മാത്രം പൂത്തുനിൽക്കുന്ന ഒരു ദിനം.
കേരളത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ
തുലാം ഒന്നിന് രായിര നല്ലൂർമല
കയറാനെത്താറുണ്ടായിരുന്നു.
പറയി പെറ്റ പന്തിരുകുലത്തിലെ
അംഗമായ നാരാണത്തു ഭ്രാന്തന് ദുർഗ്ഗാദേവിയുടെ ദർശനം ലഭിച്ചതിന്റെ സ്മരണ പുതുക്കിക്കൊണ്ടാണ് എല്ലാ വർഷവും ആയിരക്കണക്കിനു
ഭക്തജനങ്ങൾ രായിരനെല്ലൂർ മലകയറാനെത്തുന്നത്.
പുലർച്ചെ മുതൽ ഉച്ചവരെ നടക്കുന്ന
മല കയറ്റം വളരെ പുണ്യമായാണ് കരുതപ്പെടുന്നത്.
മല മുകളിലെ ദുർഗ്ഗാ ദേവിയുടെ
ക്ഷേത്ര ദർശനവും നാറാണത്തു ഭ്രാന്തന്റെ കൂറ്റൻ പ്രതിമാവന്ദനവും കഴിഞ്ഞാണ് മലയിയിൽ നിന്നും തിരിച്ചിറങ്ങുക.

രായിരനെല്ലൂരിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് കൈപ്പുറം ഭ്രാന്താചലം ക്ഷേത്രവും തുലാം
ഒന്നിന് സജീവമാവും.
നാറാണത്ത് ഇവിടെ തപസ്സു ചെയ്ത്
ഒരിക്കൽ കൂടി ദുർഗ്ഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയെന്നും പണ്ടുള്ളവർ പറയുന്നുണ്ട്.
ഭ്രാന്തൻ കല്ലിനു മുകളിലെ കാഞ്ഞിരമരവും അതിലുള്ള ഇരുമ്പു
ചങ്ങലയും നാറാണത്തു ഭ്രാന്തന്റെ സാന്നിധ്യത്തിനു തെളിവായി ഇന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മലകയറ്റത്തിന്റെ മുന്നോടിയായി പ്രത്യേക പൂജാകർമ്മൾ ഉണ്ടാകും.
രായിരനെല്ലൂർ ഗ്രാമം ഒരാഴ്ചയോളം ഉത്സവ പ്രതീതിയിലാവുമിക്കാലത്ത്.
മല കയറ്റത്തിന്റെ ഭാഗമായി ചെറിയ കച്ചവട സംഘങ്ങൾ പ്രദേശം മുഴുവൻ നിരന്നു കഴിഞ്ഞിട്ടുണ്ടാവും ഈ ദിവസങ്ങളിൽ.പരിസരത്തെ
പാഠശാലകൾക്കെല്ലാം പ്രദേശിക അവധിയാണ് തുലാം ഒന്നിന്.
നടുവട്ടം മുതൽ ഒന്നാന്തിപ്പടിവരെ റോഡിനിരുവശവും കച്ചവടക്കാരുടെ നീണ്ട നിരയും വാഹന ഗതാഗത തടസ്സവും ഇന്നേ ദിവസം ഇവിടെ സാധാരണമാണ്.
മലമുകളിൽ വിവിധ
വഴിപാടുകൾക്കുള്ള സംവിധാനവും
മലയുടെ സംരക്ഷകരായ
ദ്വാദശാക്ഷരീ ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.
ഒരു നാടിന്റ ഉത്സവമാണ് രായിരനല്ലൂർ മലകയറ്റം.
അതിരാവിലെ തന്നെ കുളിച്ച് മല കയറാൻ പ്രദേശവാസികളും,മറ്റു
ദേശക്കാരും എത്തും.
മലയുടെ മുകളിലെല്ലാ ഭാഗങ്ങളിലും കുടിവെളളം ഒരുക്കിയിട്ടുണ്ട്.
ഈയടുത്ത കാലത്തായി മലയിലേക്ക്
പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്.
തുലാം ഒന്ന് ദേശക്കാരുടെ ഐതീഹ്യ പെരുമയുടെ ഉത്സവമാണ്.
പ്രിയ സുഹൃത്തുക്കൾക്കൊപ്പം പോയ വർഷങ്ങളിൽ ഞാനും മലകയറിയിരുന്നു.
എല്ലാമിന്ന് ഓർമ്മയുടെ
തിരുമുറ്റത്തെ നിറക്കാഴ്ചകൾ മാത്രമായി.
കൊറോണ വൈറസിൻ്റെ വ്യാപനം നിമിത്തം എല്ലാം നഷ്ടമായെങ്കിലും രായിരനല്ലൂർ മലകയറ്റം ഒരുദേശ വിശേഷം തന്നെയാണ്.

അഷ്റഫ് എഎൻകെ.
(മലയാള വിഭാഗം അധ്യാപകൻ പിടിഎം ഹയർസെക്കൻ്ററി
സ്ക്കൂൾ എടപ്പലം)