Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALASPECIAL

കേരളം വളരുന്നുഇന്ന് കേരളപിറവി..!

ദൈവത്തിന്റെ സ്വന്തം നാടിന്
ഇന്ന് അറുപത്തിനാല് വയസ്സ് .
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങൾ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്‍ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബര്‍ ഒന്നിനായിരുന്നു. ലോകമിന്ന്
കോവിഡ് 19
എന്ന മഹാമാരിയുടെ നീരാളി പിടുത്തത്തിലായതു നിമിത്തം
നമ്മുടെ ഇത്തവണത്തെ കേരളപ്പിറവിക്ക് പൊലിമകളില്ല. അതുകൊണ്ടു
തന്നെ വിപുലമായ
ആഘോഷങ്ങളില്ല. എങ്കിലും ഭാഷയ്ക്കും സംസ്കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മള്‍ നമ്മെ തന്നെ പുനരര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭമായി ഈ കേരളപ്പിറവി നമുക്കിന്ന് ആഘോഷിക്കാം. ഐക്യകേരളപ്പിറവിയിലേക്കു നയിച്ച പ്രമുഖ സാമൂഹിക കാഴ്ചപാട് എന്നു പറഞ്ഞാൽ നവോത്ഥാനം തന്നെയായിരുന്നു.
കേരളീയ സാമൂഹിക മണ്ഡലത്തിലെ അനാചാരങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി ആ നവോത്ഥാന ധാരയെ നമുക്കു മുമ്പോട്ടു കൊണ്ടുപോകേണ്ടത് കാലികമായ ഒരാവശ്യമാണ്. എല്ലാവിധ വേര്‍തിരിവുകള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും അതീതമായ ഒരുമയാണ് നമുക്കിന്നാവശ്യം.
കാര്‍ഷിക നിയമങ്ങൾ, ഭൂപരിഷ്കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്‍റെ മുഖച്ഛായ തന്നെ മാറിക്കഴിഞ്ഞു.
പച്ചക്കറികൃഷിക്കും ശുചിത്വത്തിനും സമ്പൂര്‍ണ ഭവനനിര്‍മാണത്തിനും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസ നവീകരണത്തിനുമൊക്കെ പ്രത്യേക പരിഗണന നൽകി കേരള സര്‍ക്കാര്‍ മുമ്പോട്ടു തന്നെയാണ്. അഞ്ചുലക്ഷത്തിലധികം വിദ്യാർത്ഥികൾ പൊതു വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതും, നാല്‍പത്തിയ്യായിരത്തിലധികം
ക്ലാസ് മുറികള്‍ ഹൈടെക്ക് ഡിജിറ്റൽ ആയതുമൊക്കെ നമ്മുടെ അഭിമാനം തന്നെയാണ്. സമഗ്രമായ വികസനമാണ് നമുക്കിന്നാവശ്യം.
പ്രളയത്തിൻ്റെയും, മഹാമാരിയുടെയും പ്രതികൂല സാഹചര്യങ്ങളെ നാമിന്ന് അതിജീവിച്ചു കൊണ്ടിരിക്കയാണ്.
കേരളത്തിലെ ഏതാണ്ട് തൊണ്ണുറ്റി ഒമ്പത് ശതമാനം പേരുടെയും മാതൃഭാഷ മലയാളമാണ്. ഭരണഭാഷയും അതുതന്നെയാവണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധമുണ്ട്. മാതൃഭാഷയെ എല്ലാ അര്‍ത്ഥത്തിലും എല്ലാ തലങ്ങളിലും പൂര്‍ണമായി അദ്ധ്യയനഭാഷയാക്കാന്‍ കഴിയണം.ഭരണഭാഷയാക്കാന്‍ കഴിയണം.
അതിനായി ഒരുമിക്കണം.
കേരള പിറവി ഒരു ഓര്‍മപ്പെടുത്തലാവുന്നു..!
നാം കേരളത്തെ മറന്ന് പോയോ എന്നൊരു വലിയ യാഥാർത്ഥ്യം നമ്മെ നോക്കി ചിരിക്കുന്നുണ്ടെന്ന വലിയ ഓര്‍മപ്പെടുത്തല്‍.
കണ്ടൽകാടുകളും, അരുവികളും, പുഴകളും, കൊച്ചുവള്ളങ്ങളും കേര നിരകളും, നിളയും, കഥകളിയും,ഒപ്പനപ്പാട്ടും ഓശാന പെരുന്നാളും..!
കേരളം എത്ര സുന്ദരമാണ്…!
എങ്കിലും ഈ ദിനത്തില്‍ ചിലതെങ്കിലും നാം ഓര്‍ക്കണം.
കേരളം മരിക്കുന്നു എന്ന് വെറുതെ പറയുകയല്ല വേണ്ടത്. സ്നേഹബന്ധങ്ങള്‍, പ്രകൃതി, പുഴ, നഷ്ടങ്ങളുടെ എണ്ണം അങ്ങനെ നീളുകയാണ്..!
നഷ്ടപ്പെട്ടു പോയ നന്മകളെ തിരിച്ചുപിടിക്കണം.
പുഴകള്‍ നശിച്ചതോടെ സംസ്‌കാരത്തിന്റെയും നാശം തുടങ്ങി. കർക്കിടകമായാൽ കലിതുള്ളി വരുന്ന എൻ്റെ അയൽപക്കത്തെ രാമൻ പുഴ..!
മരിക്കുന്ന കേരളം എന്ന ആവര്‍ത്തനങ്ങളില്‍ കാര്യമില്ല. നാട്ടിന്‍പുറങ്ങളിലെ തുടിപ്പുകള്‍ കാണുമ്പോള്‍ മലയാളമണ്ണ് മരിച്ചെന്നും പറയാനാവുന്നില്ല.
നിലാവു പെയ്യുന്ന നാട്ടുവഴികളും മുത്തശ്ശികഥ പറയുന്ന മുറ്റവും കിനാവുകള്‍ കൂട്ടിരിക്കുന്ന സന്ധ്യയും മാമ്പഴക്കാലവും ഉത്സവച്ചേലും പഴങ്കഞ്ഞിയും പാടത്തെച്ചേറും ഓർമ്മയിലെ സന്തോഷങ്ങളാണ്.
മൂല്യബോധങ്ങള്‍ സംരക്ഷിക്കാന്‍ നമുക്ക് കഴിയണം.നന്മയെന്തെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വൃദ്ധസദനങ്ങള്‍ ഉണ്ടാവില്ല. ജന്മം നല്‍കിയ മാതാപിതാക്കളെ അനാഥത്വത്തിന്റെ ചവറ്റുകൊട്ടയില്‍ തനിച്ചാക്കുന്ന കേരളമുണ്ടായത് മനസാക്ഷി മരിച്ച ചിന്തകളില്‍ നിന്നാണ്. എല്ലാറ്റിനും ഒരറുതിവേണം.
മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് നമുക്ക് മുമ്പോട്ടുപോകാം.
കേരളം ഭ്രാന്താലയമല്ല..!
ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്.
എന്ന് തിരുത്തിയെഴുതണം.
പ്രിയപ്പെട്ടവർക്കെല്ലാം
ഹൃദയത്തോട് ചേർത്ത്
കേരള പിറവി, ഭാഷാദിന, ആശംസകള്‍.

അഷ്റഫ് എ.എൻകെ.