Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

ആധുനിക ഇന്ത്യയുടെ ശില്പിയും കുട്ടികളുടെ കൂട്ടുകാരനുംചാച്ചാജി..!

നവംബർ14 ശിശുദിനം.
സ്ക്കൂളുകൾ തുറന്നിരുന്നെങ്കിൽ
ഇന്ന് ശിശുദിനത്തിൻ്റെ പൊലിമ ഒന്നുകൂടി കൂടുമായിരുന്നു. കോവിഡ് 19യുടെ നീരാളിപ്പിടുത്തത്തിൽ നിന്നും നാമിന്ന് അതിജീവനത്തിൻ്റെ പാതയിലാണ്. ഇപ്രാവശ്യത്തെ ശിശുദിനത്തിൻ്റെ കാലിക പ്രസക്തിയിലൂടെ നമുക്കൊന്നു പിച്ചവെക്കാം.
റോസാപ്പൂക്കളെ സ്‌നേഹിച്ച ജവഹർലാൽനെഹ്റു പൂന്തോട്ടത്തിലെ ഇതളുകള്‍
എന്നാണ് കുട്ടികളെ വിശേഷിപ്പിച്ചത്. കുട്ടികളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ച നെഹ്റു കുട്ടികളോടുള്ള സ്‌നേഹം, കരുതല്‍, ലാളന, ദയ എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി.
രാഷ്ട്രത്തിന്റെ പ്രഥമപ്രധാനമന്ത്രി എന്ന് നിലയില്‍ മാത്രമല്ല നെഹ്റു കുട്ടികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഒരു പനിനീര്‍പ്പൂവിന്റെ സൗരഭ്യത്തോടെ കുട്ടികളെ സ്നേഹിച്ച നേതാവെന്ന നിലയിലുമാണ്.
ലോകം കണ്ടിട്ടുള്ള മഹത് വ്യക്തികളിലൊരാളാണ് ജവഹര്‍ലാല്‍ നെഹ്രു. 1889 നവംബര്‍ 14ന് ഉത്തര്‍പ്രദേശിലെ അലഹബാദിലാണ് അദ്ദേഹം ജനിച്ചത്. പ്രശസ്ത അഭിഭാഷകനും രാഷ്ട്രീയ നേതാവുമായ പണ്ഡിറ്റ് മോട്ടിലാല്‍ നെഹ്രുവിന്‍റെ ഏക പുത്രനായിരുന്നു അദ്ദേഹം.തിരക്കുപിടിച്ച ജീവിതത്തിലും കുട്ടികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും നെഹ്റു സമയം കണ്ടെത്തിയിരുന്നുവെന്ന് നമുക്ക് ചരിത്രങ്ങളിൽ കാണാം.
പൂക്കളെയും കുഞ്ഞുങ്ങളെയും വളരെയധികം സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തതുകൊണ്ട് കുട്ടികള്‍ അദ്ദേഹത്തെ
“ചാച്ചാജി” -എന്നു വിളിച്ചു.
ഇന്ത്യയില്‍ നെഹ്റുവിന്റെ ജന്മദിനം നാമിന്ന് ശിശുദിനമായി ആഘോഷിക്കുന്നത് അതു കൊണ്ടാണ്.
1947 ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ നെഹ്‌റു പ്രഥമ പ്രധാനമന്ത്രിയായി.
സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ കാഴ്ചപാടുകളാണ് നാലുപതിറ്റാണ്ടിലേറെ ഭാരതത്തെ നയിച്ചത്‌. അതു കൊണ്ടു തന്നെ ആധുനിക ഇന്ത്യയുടെ ശില്പി എന്നു അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
സ്വതന്ത്ര ഇന്ത്യയുടെ സമഗ്ര വികസനമായിരുന്നു
അദ്ദേഹത്തിൻ്റെ ലക്ഷ്യം.
ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി 17 വർഷം അദ്ദേഹം ശോഭിച്ചു.
ഭരണത്തിലും രാഷ്ട്രതന്ത്രത്തിലും മികച്ചൊരു കുടുബ പാരമ്പര്യമാണ് നെഹ്‌റു കുടുബത്തിനുണ്ടായിരുന്നത്.
ചേരിചേരാ പ്രസ്ഥാനത്തിന് നെഹ്റു രൂപം കൊടുത്തതുവഴി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഭാരതം ശ്രദ്ധേയമായ മാതൃകയായി.
ജയിലില്‍ കഴിയുമ്പോൾ എഴുതിയതാണ് അദ്ദേഹത്തിൻ്റെ
മിക്ക രചനകളും. ആദ്യ കൃതി സോവിയറ്റ് റഷ്യ 1937 നവംബറില്‍ അദ്ദേഹം നടത്തിയ
റഷ്യാ സന്ദര്‍ശനത്തിന്റെ വിവരണമായിരുന്നു.രണ്ടാമത്തെ പുസ്തകം “ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകളാണ്.
1930നും 1944നും ഇടയിലുള്ള ജയില്‍വാസ കാലത്താണ് ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്റിറി (ലോകചരിത്രാവലോകനം), ഓട്ടോബയോഗ്രഫി (ആത്മകഥ),
ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തല്‍) എന്നീ പ്രധാന രചനകള്‍ പുറത്തുവന്നത്. 1936ല്‍ ലണ്ടനില്‍ പ്രസിദ്ധീകരിച്ച ഓട്ടോബയോഗ്രഫി ലോക പ്രസിദ്ധമായി. പത്ത് തവണ ഇത് പുനഃപ്രസിദ്ധീകരിച്ചു.
ഇന്ത്യയുടെ കഴിഞ്ഞ കാലം ഒരു സിനിമയിലെന്നപോലെ വിവരിക്കുന്ന “ഇന്ത്യയെ കണ്ടെത്തല്‍’ വായനക്കാരില്‍പുതിയൊരനുഭവമാണ് ഉണ്ടാക്കുന്നത്.ചരിത്രത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ച് അവതരിപ്പിച്ചിരിക്കുന്നുണ്ട് പ്രസിദ്ധമായ ഈ ഗ്രന്ഥത്തില്‍. “ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ “
പത്ത് വയസ് പ്രായമുള്ള മകള്‍ ഇന്ദിരാ പ്രിയദര്‍ശിനിക്ക് നെഹ്റു അയച്ച കത്തുകളാണ്.
ലോകം ഒരു കുടുംബമാണെന്ന് ചിന്തിക്കാനും അതിനുസൃതമായി പ്രവര്‍ത്തിക്കാനും ഈ പുസ്തകം നമ്മെ സഹായിക്കുന്നു
ഏത് കുട്ടിക്കും ഒറ്റ വായനയ്ക്ക് ഇതിൻ്റെ ഉള്ളടക്കം മനസിലാക്കാൻ പ്രയാസമില്ല.കഥകളിലൂടെയും സംഭവങ്ങളിലൂടെയും പരന്ന വായനയുടെയും പിന്‍ബലത്തില്‍ അതത് വിഷയങ്ങളില്‍ ആധികാരികമായ വിവരങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് “ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ ” തയ്യാറാക്കിയിരിക്കുന്നത്.
ഭാരതത്തെ കൂടുതലറിയാൻ സമകാലിക ജീവിതത്തിൽ ഒരോ വിദ്യാർത്ഥിയും വായിച്ചിരിക്കേണ്ട ഒരു പുസ്തകം കൂടിയാണിത്.ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി,ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടിയ അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു. കോവിഡ് പാശ്ചാത്തലത്തിൽ ശിശുദിനം പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് നമുക്ക് ആഘോഷിക്കാം.നെഹ്റു വിൻ്റെ കൃതികൾ പുതുതലമുറക്ക് നൂതന ചിന്താസരണികൾ നൽകുമെന്നതിൽ സംശയമില്ല.

അഷ്റഫ്.എഎൻകെ.
(PTMYHSS എടപ്പലം,മലയാള വിഭാഗം).