റോഡിന് ‘തടസമായി’ പാലത്തിന്റെ കൈവരി

മൂർക്കനാട്-എടപ്പലം പാലത്തിന് കാഴ്ചപ്പാടില്ലാതെ കൈവരി പണിതപ്പോൾ നാടിന് നഷ്ടമായത് നൂറ്റാണ്ടു പഴക്കമുള്ള പൊതുവഴി.

കല്ലുവെട്ടുകുഴി -പൂഴിപ്പൊറ്റ -കിഴ്‌മുറി ഭാഗത്തുള്ളവർക്ക് പാലത്തിലെത്താനുള്ള എളുപ്പവഴിയാണ് കൈവരിയുടെ അവസാന തൂണിൽ തടഞ്ഞു നിൽക്കുന്നത്.

കൈവരി തടസമായതിനാൽ ഈ പ്രദേശങ്ങളിൽ നിന്ന് കാൽനടയായും ചെറുവാഹനങ്ങളിലുമായി എടപ്പലം പി.ടി.എം.ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തുന്ന നൂറു കണക്കിന് വിദ്യാർത്ഥികളും പല ആവശ്യങ്ങൾക്കായി എടപ്പലം ഭാഗത്തെത്തേണ്ട നാട്ടുകാരും പാലത്തിലേക്ക് പ്രവേശിക്കാൻ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് ഉപയോഗിച്ചു വന്നിരുന്നത്.

നാനൂറ് മീറ്ററോളം നീളം വരുന്ന കൈവരി അവസാനിക്കുന്നിടത്ത് മൂന്ന് മീറ്റർ മുറിച്ചു നീക്കിയാൽ മാത്രം തീരുന്ന തടസത്തെ തൊണ്ടു തടഞ്ഞു കപ്പൽ നിൽക്കുന്നതിനോടാണ് നാട്ടുകാർ ഉപമിക്കുന്നത്.

കൈവരിയുടെ അവസാന ഭാഗത്തു നിന്ന് ആവശ്യമായത് നീക്കം ചെയ്ത് കോൺഗ്രീറ്റ് പണി കഴിഞ്ഞ് ഗതാഗത യോഗ്യമായ റോഡിന് പാലത്തിന്റെ അപ്രോച്ച് റോഡിലേക്കുള്ള പ്രവേശന തടസം നീക്കണമെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

റിപ്പോർട്ട് : സലിം മൂർക്കനാട്

%d bloggers like this: