മൂര്‍ക്കനാട് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം ആരംഭിച്ചു
മൂര്‍ക്കനാട് : മൂര്‍ക്കനാട് തിരുവേഗപ്പുറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തൂതപ്പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന മൂര്‍ക്കനാടിന്റെ സ്വപ്ന പദ്ധതിയായ മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചു. കിഫ്ബിയില്‍ നിന്ന് 70 കോടി രൂപ ചെവഴിച്ചാണ് നിര്‍മ്മാണം. ആദ്യം നബാര്‍ഡ് ഫണ്ടാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പദ്ധതിയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ ബഡ്ജറ്റിലുള്‍പ്പെടുത്തി കിഫ്ബി ഫണ്ട് നല്‍കിയതോടെയാണ് കുടിവെളള പ്രശ്നങ്ങള്‍ക്കും കാര്‍ഷിക ജലസേചന ആവശ്യങ്ങള്‍ക്കും സ്ഥായിയായ പരിഹാരമാവുന്ന സ്വപ്ന പദ്ധതി നടപ്പിലാവുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തൂതപ്പുഴക്കിരുവശവുമുളള കുടിവെളള പദ്ധതികളിലൂടെ പത്തോളം പഞ്ചായത്തുകള്‍ക്ക് ശുദ്ധജലം ലഭ്യമാവും. കൂടാതെ മലപ്പുറം നഗരസഭയിലേക്ക് വെള്ളം കൊണ്ടുപോവുന്നതിനുളള പ്രൊപ്പോസലും നിലവിലുണ്ട്. അതോടൊപ്പം മലപ്പുറം പാലക്കാട് ജില്ലകളിലെ അഞ്ച് പഞ്ചായത്തുകള്‍ക്ക് കാര്‍ഷിക ജലസേചന സൗകര്യവും ലഭ്യമാവും. ബ്രിഡ്ജ് പ്രദേശത്ത് മൂന്നരമീറ്റര്‍ ഉയരത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഏതാണ്ട് പുലാമന്തോള്‍ പഞ്ചായത്തിലെ കട്ടുപ്പാറ വരെയുളള പ്രദേശത്ത് പുഴയില്‍ 8 കിലോമീറ്ററോളം വെള്ളം തങ്ങിനില്‍ക്കും. പുഴക്ക് കുറുകെ 7 മീറ്റര്‍ ഉയരത്തിലുളള തൂണുകള്‍ക്ക് മുകളില്‍ നടപ്പാതയുള്‍പ്പെടെ 11 മീറ്റര്‍ വീതിയില്‍ റോഡ് ഗതാഗത സൗകര്യത്തോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുക. പദ്ധതി പ്രദേശത്ത് വന്ന് ചേരുന്ന കീഴ്മുറി തോടിലേക്ക് വെള്ളം ക്രമീകരിക്കാന്‍ തോടിന് കുറുകെ മിനി വിസിബിയടക്കമാണ് പദ്ധതി യാഥാര്‍ത്ഥ്യമാവുകയെന്ന് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ രാജഗോപാലന്‍ അറിയിച്ചു. ജല ദൗര്‍ലഭ്യതക്ക് സ്ഥിരമായ പരിഹാരമാവുന്ന പദ്ധതി യാഥാര്‍ത്ഥ്യമാവുന്ന സന്തോഷത്തിലാണ് നാട്ടുകാര്‍.