Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWSSPECIAL

സി എച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥിനികള്‍ക്കുള്ള ധനസഹായമാണ് സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്. ബിരുദത്തിനു പഠിക്കുന്ന 3000 വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപ വീതവും, ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന 1000 വിദ്യാര്‍ഥിനികള്‍ക്ക് 6000 രൂപ വീതവും, പ്രൊഫഷനല്‍ കോഴ്‌സിന് പഠിക്കുന്ന 1000 വിദ്യാര്‍ഥിനികള്‍ക്ക് 7000 രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് ഇനത്തില്‍ 2000 വിദ്യാര്‍ഥികള്‍ക്ക് 13, 000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.
മെറിറ്റ് സീറ്റില്‍ അഡ്മിഷന്‍ ലഭിച്ച് സ്വാശ്രയ മെഡിക്കല്‍/ എഞ്ചിനീയറിങ് കോളജുകളില്‍ പഠിക്കുന്നവര്‍ക്കും പദ്ധതിയില്‍ അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനാണ് അപേക്ഷിക്കാനാവുക. ആദ്യ വര്‍ഷങ്ങളില്‍ അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്കും ഇപ്പോള്‍ പഠിക്കുന്ന വര്‍ഷത്തേക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. കോളജ് ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും സ്ഥാപനമേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്‌റ്റൈപ്പന്‍ഡിനായി അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥിനികളെ തെരഞ്ഞെടുക്കുക. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപയില്‍ കവിയരുത്. ബി.പി.എല്‍ കാര്‍ഡുകാര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ www. minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.
മൂർക്കനാട് ലൈവ്