Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

വനമിത്ര പുരസ്കാരം ഗിരിജ ബാലകൃഷ്ണന്…

പെരിന്തൽമണ്ണ :- കേരള വനംവകുപ്പിൻ്റെ ഈ വർഷത്തെ വനമിത്ര പുരസ്‌കാരത്തിന് പരിസ്ഥിതി പ്രവർത്തകയും, സോപാനസംഗീതഞ്ജയും, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീമതി ഗിരിജാ ബാലകൃഷ്ണൻ അർഹയായി.
പ്രകൃതിയേപ്പോലെ തന്നെ സംഗീതത്തെയും പ്രണയിച്ച ശ്രീമതി ഗിരിജ ബാലകൃഷ്ണൻ ഇടയ്ക്ക വാദനവും,
സോപാന സംഗീതവും വളകളണിഞ്ഞ കൈകളിലും ഭദ്രമെന്ന് തെളിയിച്ച വള്ളുവനാട്ടുകാരിയാണ്. പ്രകൃതി സംരക്ഷണ രംഗത്തെ ഇവരുടെ സമഗ്ര സംഭാവനകമാണ് വനമിത്ര പുരസ്കാരത്തിന് അർഹയാക്കിയത്. സംഗീത പരിപാടികൾക്കും, മറ്റു പൊതു പരിപാടികൾക്കുമായി പോകുമ്പോൾ അവിടങ്ങളിൽ വൃക്ഷ തൈകൾ നടുന്നത് ഇവരുടെ പ്രത്യേകതയാണ്. കേരളത്തിലെ പല പൊതു സ്ഥലങ്ങളിലും, ക്ഷേത്രങ്ങളിലും ഇവർ സമർപ്പിച്ച മരങ്ങൾ വളർന്ന് പന്തലിച്ച് നിൽക്കുന്നത് തന്നെ ഇവരുടെ പ്രകൃതി സംരക്ഷണത്തിൻ്റെ നേർകാഴ്ചകളാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിരസതയകറ്റാൻ ഇവർ തിരഞ്ഞെടുത്ത വഴിയും ഏറെ പ്രശംസനീയമാണ്. പാതയോരത്ത് ഔഷധ സസ്യോദ്യാനം വളർത്തിയാണ് ഇവർമാതൃകയായത്. വീടിനോട് ചേർന്നുള്ള പാറൽ – ടിപ്പു സുൽത്താൻ പാതയോരത്ത് ഔഷധ സസ്യങ്ങളായ കൊടുവേലി , കരിങ്കുറിഞ്ഞി .മുഞ്ഞ, ആര്യവേപ്പ്, ഇരുവേലി, കാട്ടുതുളസി, അയമോദക കൂർക്ക ,വിഷപച്ച, കൂവളം കരിയാറ്റ,രാമച്ചം തുടങ്ങിയ ഔഷധ സസ്യങ്ങൾ നട്ടുവളർത്തിയാണ് ഉദ്യാന മൊരുക്കിയത്. ഓരോ ചെടിയുടേയും പേരുകൾ എഴുതി വച്ചത് മൂലം സന്ദർശകർക്ക് ഔഷധ സസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനും കഴിയുന്നുണ്ട്. നാടു നീളെ മരം വയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് വേണ്ട വിവിധയിനം മരതൈകൾ വീട്ടിൽ തന്നെയാണ് ഒരുക്കുന്നത്. ആർക്കു വേണമെങ്കിലും സൗജന്യമായി ഇവർ തൈകൾ നൽകും എന്ന പ്രത്യേകതയുമുണ്ട്. ഇനി കാട് വെച്ചുപിടിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള എല്ലാ മരതൈകളും ഇവർ സൗജന്യമായി തന്നെ എത്തിച്ച് കൊടുക്കുന്നതുമാണ്.
ഭർത്താവ് ബാലകൃഷ്ണൻ മാസ്റ്ററോടൊപ്പം ചേർന്ന് നടത്തുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾ സമൂഹം ഏറെ ചർച്ച ചെയ്യപ്പെടുന്നു.ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ചതിനു ശേഷം രണ്ടു പേരും മുഴുവൻ സമയവും സംഗീതത്തിനും, പരിസ്ഥിതി പ്രവർത്തനങ്ങൾക്കും, സാമൂഹ്യ സേവനത്തിനുമായി വിനിയോഗിക്കുന്നു എന്നതും ശ്രദ്ദേയമാണ്.
പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇവർ മറ്റ് അംഗങ്ങൾക്കെല്ലാം മരതൈകൾ വിതരണം ചെയത് ഹരിതസന്ദേശം പകർന്നതും ശ്രദ്ദേയമാണ്.