വീണ്ടും മഹാമാരി പൂട്ടിട്ട പെരുന്നാൾ രാവ്
മലപ്പുറം: മഹാമാരി പൂട്ടിട്ട മറ്റൊരു നോമ്പുകാലമാണ് പടിയിറങ്ങുന്നത്. നോമ്പുകാലത്തെ തങ്ങളുടെ തനതായ രീതികൾ ഇത്തവണയും മലപ്പുറത്തുക്കാർക്ക് അന്യമായി. രാവിനെ പകലാക്കുന്ന മാസമായിരുന്നു റംസാൻ. കൊവിഡിന്റെ ആദ്യ തരംഗത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും അനുവാദമില്ലായിരുന്നു. രണ്ടാംതരംഗത്തിൽ നൈറ്റ് കർഫ്യൂവിന്റെ പിടിയിലമർന്നു. പിന്നീടത് ലോക്ക് ഡൗണിലേക്ക് മാറി.
തറാവീഹ് നമസ്‌ക്കാരം കഴിഞ്ഞാൽ അങ്ങാടികളിരുന്ന് സൊറ പറയുന്നതും ഇല്ലാതായി. തറാവീഹിന് ശേഷം രാത്രിയുടെ അന്ത്യയാമങ്ങൾ വരെ അങ്ങാടി ഉണർന്നിരിക്കും.
നോമ്പ് നോറ്റതിനുള്ള സമ്മാനമായി കുട്ടികളെയും കൊണ്ട് കടപ്പുറത്തെത്തുന്ന മുതിർന്നവരുടെ നിരയും കാണാനില്ല. കഴിഞ്ഞ പെരുന്നാൾ രാവും നിയന്ത്രണത്തിന്റേതായിരുന്നു. ഇത്തവണയും അങ്ങനെ തന്നെ. സൂചി കുത്താൻ ഇടമില്ലാത്ത വിധമായിരുന്നു റോഡിലെ ആൾത്തിരക്ക്. ഈ ഉത്സവാന്തരീക്ഷത്തിന്റെ പകിട്ട് ഇത്തവണയും നഷ്ടമാവും.