Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

30 വർഷം കണ്ട സിനിമകളുടെയെല്ലാം ടിക്കറ്റുകൾ സൂക്ഷിച്ച് മുണ്ടുമ്മൽ ഹംസ


പെരിന്തൽമണ്ണ: 30 വർഷം കണ്ട സിനിമകളുടെയെല്ലാം ടിക്കറ്റുമായി ഹംസയുടെ ശേഖരം സൂപ്പർ ഹിറ്റ്. 30 വർഷം മുൻപ് തിയറ്ററിൽ നിന്ന് 2 രൂപയ്‌ക്ക് എടുത്ത സിനിമാ ടിക്കറ്റ് ഓർമയുണ്ടോ..? ഹംസയുടെ ശേഖരത്തിൽ അത് ഭദ്രമായുണ്ട്. പെരിന്തൽമണ്ണ ജൂബിലി റോഡ‍് സ്വദേശി മുണ്ടുമ്മൽ ഹംസ(46) ‘കാടിന്റെ മക്കൾ’ എന്ന സിനിമയാണ് ആദ്യമായി തിയറ്ററിൽ നിന്ന് കണ്ടത്. 1991 ൽ 2 രൂപയ്‌ക്ക് അലങ്കാർ തിയറ്ററിൽ നിന്നെടുത്ത ടിക്കറ്റു മുതൽ 2020 ലെ ലോക്‌ ഡൗൺ വരെ താൻ കണ്ട സിനിമകളുടെ ടിക്കറ്റുകളാണ് പെരിന്തൽമണ്ണ ജൂബിലി റോഡ‍് സ്വദേശി മുണ്ടുമ്മൽ ഹംസ പ്രത്യേക ആൽബങ്ങളാക്കി ഭദ്രമായി സൂക്ഷിക്കുന്നത്. സിനിമാ കമ്പമുള്ള ഹംസ ലോക്‌ ഡൗണിന് മുൻപു വരെ ഇഷ്ട സിനിമകളെല്ലാം കാണാറുണ്ട്. ലോക്‌ ഡൗണിന് മുൻപായി അവസാനം കണ്ടത് കഴിഞ്ഞ വർഷം മാർച്ച് 9 ന് ‘കപ്പേള’യാണ്. ഏകദേശം 1100 ൽ പരം ടിക്കറ്റുകൾ ഉണ്ട് ശേഖരത്തിൽ. പെരിന്തൽമണ്ണയിലെയും പരിസരങ്ങളിലെയും വിവിധ തിയറ്ററുകളിൽ നിന്ന് കണ്ട സിനിമകളുടെ ടിക്കറ്റുകളാണ് ഇവയെല്ലാം. സിനിമയുടെ പേരും കണ്ട തീയതിയും ടിക്കറ്റിന്റെ പിറകു വശത്ത് എഴുതി വച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ സിനിമകളോ‌ടാണ് കൂടുതൽ താൽപര്യം. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലിഷ് സിനിമകളെല്ലാം കാണാറുണ്ട്. ഇവയുടെയെല്ലാം ടിക്കറ്റുകളുണ്ട് ഈ ശേഖരത്തിൽ. മഞ്ചേരിയിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തുകയാണ് ഹംസ. ഭാര്യ ജംനബിൻത് മുൻ നഗരസഭാ കൗൺസിലറാണ്. മക്കൾ: ആത്തി ശ്യാം, ആസിം, ഹൻസ, അലി.