വിന്നേഴ്സ് ക്ലബിന്റെ കപ്പ ചലഞ്ച് കൃഷി ഓഫീസർ മർജാനാ ബീഗം ഉദ്‌ഘാടനം ചെയ്തു

“കർഷകർക്കാശ്വാസം നാടിന് സന്തോഷം”

വിന്നേഴ്സ് ക്ലബിന്റെ കപ്പ ചലഞ്ച് കൃഷി ഓഫീസർ മർജാനാ ബീഗം ഉദ്‌ഘാടനം ചെയ്തു

ലോക്ക്ഡൗണിലും വെള്ളക്കെട്ട് ഭീഷണിയിലും പെട്ട് വിള വിറ്റു പോവാതെ ദുരിതം പേറുന്ന കപ്പക്കർഷകർക്ക് ആശ്വാസം പകരാൻ ഒരു ടണ്ണിലധികം കപ്പ ഒരു വിലപേശലും കൂടാതെ ഏറ്റെടുത്ത് ക്ലബ് പ്രദേശത്തെ അഞ്ഞൂറോളം വീടുകളിൽ സൗജന്യമായി എത്തിച്ചു നൽകി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് വിന്നേഴ്സ് ക്ലബ് മൂർക്കനാട്.

മൂർക്കനാട് കൃഷി ഓഫീസർ കെ.സി.മർജാന ബീഗം വിതരണോദ്‌ഘാടനം നിർവഹിച്ചു.

ദുരിതം പേറുന്ന കപ്പക്കർഷകർക്ക് ആശ്വാസം പകരാൻ കപ്പച്ചലഞ്ച് പോലുള്ള പദ്ധതികൾ ഏറ്റെടുക്കാൻ പലരേയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും വിന്നേഴ്സ് ക്ലബിന്റെ പ്രവർത്തനം മാതൃകയാക്കി നാട്ടിലെ മുഴുവൻ കർഷകരെയും ചേർത്തു നിർത്താൻ പ്രദേശിക കൂട്ടായ്മകൾ മുന്നോട്ടുവരണമെന്നും കൃഷി ഓഫിസർ അഭ്യർത്ഥിച്ചു.

മുപ്പതോളം ക്ലബ് വളന്റിയർമാരാണ് കർഷകർക്ക് ആശ്വാസവും നാടിന് സന്തോഷവും പകർന്ന സേവന പ്രവർത്തനത്തിൽ അണി നിരന്നത്.

ഒരു മാസത്തിനിടെ തന്നെ കൊളത്തൂർ പാലിയേറ്റിവ് കെയറിന്റെ അഭ്യർത്ഥന മാനിച്ച് 18000 രൂപയുടെ ഓക്സിജൻ ചലഞ്ച് യാഥാർഥ്യമാക്കിയും മുക്കാൽ ലക്ഷം രൂപ സ്വരൂപിച്ച് പ്രദേശത്തെ ഇരുനൂറ്റി അമ്പതോളം വീടുകളിലേക്ക് പലചരക്ക് -പച്ചക്കറി കിട്റ്റുകളെത്തിച്ചും അയൽ നാട്ടുകാരനായ കുട്ടിയുടെ ചികിത്സാ സഹായ നിധിയിലേക്ക് അര ലക്ഷം രൂപ നൽകിയും ഒരു ടണിലധികം കപ്പ കർഷകരിൽ നിന്ന് അവർക്ക് മിച്ചം വരുന്ന വില നൽകി വാങ്ങി പ്രദേശത്തെ അഞ്ഞൂറോളം വീടുകളിലെത്തിച്ചു നൽകിയും മഹാമാരിക്കാലത്തും നാടിന് തണലൊരുക്കി ഒരു പതിറ്റാണ്ട് മാത്രം പ്രായമുള്ള വിന്നേഴ്സ് ക്ലബിന് ഒരു നൂറ്റാണ്ടിന്റെ പാകം കാണിക്കാനാവുന്നത് സുമനസുകളുടെ നിസീമമായ പിന്തുണ കൊണ്ടു മാത്രമാണെന്ന് ക്ലബ് ഭാരവാഹികൾ ആണയിടുന്നു.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മൂർക്കനാടിന്റെ സേവന മേഖലയുടെ മേൽവിലാസമായിരിക്കുകയാണ് വിന്നേഴ്സ് ക്ലബ്.

%d bloggers like this: