ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ മറുപടി സന്ദേശം ലഭിച്ചതിന്റെ ആഹ്ലാദത്തിൽ ഒരു വീട്ടമ്മ.
ഒട്ടും നിനച്ചിരിക്കാത്ത നേരത്താണ് പട്ടാമ്പി കൊടലൂർ സ്വദേശി ആയിഷ ഷമീറിന് ന്യൂസിലാൻ്റ് പ്രധാനമന്ത്രി ജസീന്തയുടെ മറുപടി സന്ദേശം ലഭിച്ചത്. സ്ത്രീശാക്തീകരണ വിഷയത്തിൽ ആയിഷയുടെ അഭിപ്രായങ്ങൾ ശരിവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി ജസീന്ത സ്വന്തം കയ്യൊപ്പോടെ മറുപടി അയച്ചത്.
ന്യൂസിലാൻഡിൽ പടർന്നു പിടിച്ച കോവിഡ് മഹാമാരിയെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ വേഗത്തിൽ എടുക്കുകയും ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്ത് രണ്ടു തവണ തുടർച്ചയായി അധികാരത്തിൽ എത്തിയ ജസീന്ത ആർഡനിനോടുള്ള ആരാധനയാണ് ആയിഷയെ കത്തെഴുതാൻ പ്രേരിപിച്ചത്.
മെയ് 20നാണ് ആയിഷ ഷമീർ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത അർഡേർണിന് ഇ.മെയിൽ സന്ദേശം അയച്ചത്. 19-ാം ദിവസം ജസീന്ത ആർഡനിന്റെ മറുപടി ലഭിച്ചു. നിങ്ങളുടെ ദയയുള്ള വാക്കുകൾ വായിക്കുമ്പോൾ എനിക്ക് വിനയം തോന്നുന്നു എന്നു തുടങ്ങി കത്തിൽ ആയിഷയുടെ വാചകങ്ങൾ ശരിവെച്ചുകൊണ്ടും അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടുമുള്ള വാക്കുകളാണ് പ്രധാനമന്ത്രി കത്തിൽ കുറിച്ചത്.
പട്ടാമ്പി കൊടലൂർ കൊട്ടാരത്തിൽ ഷെമീറിന്റെ ഭാര്യ ആയിഷ ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനി കൂടിയാണ്. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർക്കും പ്രസിഡന്റുമാർക്കും ആയിഷ കത്തുകൾ എഴുതാറുണ്ട്. ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് അയച്ച കത്തിനും ഇത്തരത്തിൽ മറുപടി ലഭിക്കുകയുണ്ടായി. ഇനിയും കത്തുകളിലൂടെ കാഴ്ചപ്പാടുകൾ പങ്കുവെക്കാനാണ് ആയിഷക്ക് താല്പര്യം.
സ്ത്രീശാക്തീകരണ വിഷയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് എഴുതിയ പരാമർശങ്ങൾ ശരിവെച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡനിന്റെ കത്ത് ലഭിച്ച ആയിഷ ഷെമീറിനെ കൊടലൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. പട്ടാമ്പി ഗവ.കോളേജ് അറബി വകുപ്പ് മേധാവി ഡോ.പി.അബ്ദു ഉപഹാരം നൽകി. നഗരസഭ കൗൺസിലർമാരായ സൈതലവി വടക്കെതിൽ, മുനീറ ഉനൈസ്, ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ, ആയിഷയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.