Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCAL

അധ്യാപക ദിനം സമുചിതമായി ആചരിച്ച് മൂർക്കനാട് എഇഎംഎയുപി സ്കൂൾ

മൂർക്കനാട് : ഇന്ന് സെപ്റ്റംബർ 5, ദേശിയ അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.

മൂർക്കനാട് AEMAUP സ്കൂളിലും വിവിധങ്ങളായ പരിപാടികളോട് കൂടി അധ്യാപക ദിനം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി, തലമുറകൾക്ക് അക്ഷര വെളിച്ചമേകിയ മൂർക്കനാട് പ്രദേശത്തെ റിട്ടേർഡ് അധ്യാപകരെ ആദരിച്ചു. ആദരവിന്റെ ഭാഗമായി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീ. രാകേഷ് നാഥ് എഴുതിയ “പത്രമാധ്യമദർശനം” എന്ന പുസ്തകം ഗുരുക്കന്മാർക്ക് അക്ഷര ദക്ഷിണയെന്നോണം കൈമാറി.

മൂർക്കനാട് പ്രദേശത്തെ ഇരുപതോളം വരുന്ന പൂർവ്വാധ്യാപകരെ അവരുടെ വീടുകളിൽ പോയാണ് ആദരിച്ചത്. പരിപാടിയിൽ മൂർക്കനാട് പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ സി. ലക്ഷ്മി ദേവി, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞഹമ്മദ്, പി. കെ ഷാഹിന, വിനീത, പി.ടി.എ പ്രസിഡന്റ് പി.കെ യൂസഫലി തുടങ്ങിയവർ സന്നിഹിതരായി.

കൂടാതെ, അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികൾ ക്ലാസ്സുകൾ അവതരിപ്പിച്ചു. നിരവധി വിദ്യാർത്ഥികളാണ് ഇന്ന് കുട്ടി അധ്യാപകരായി ക്ലാസ്സുകൾ അവതരിപ്പിച്ചത്. ആശംസാകാർഡ് നിർമ്മാണം, പ്രസംഗ മത്സരം തുടങ്ങി വിവിധങ്ങളായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ എം.ടി ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ അധ്യാപകരായ വി.ശ്യാം, എം എ ജയശ്രീ, കെ.ടി ഹംസ, പി.ശ്രീരാജ്, കെ.ബാരീറ, എ. വി റഹീന, അജിത, ഷാദിയ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.