എടപ്പാൾ മേൽപ്പാലം : മഴ വില്ലനായി; കാത്തിരിപ്പ് തുടരാം
എടപ്പാൾ: എല്ലാം തടസ്സങ്ങളും നീങ്ങിവരികയായിരുന്നു. ഒടുവിൽ ഉദ്ഘാടനത്തീയതിയും ഉറപ്പിച്ചു. പക്ഷേ, അവസാന നിമിഷത്തിൽ മഴ ചതിച്ചു. ടാറിങ്ങിന് മഴ തടസ്സം നിന്നതോടെ 26-ന് നിശ്ചയിച്ച മേൽപ്പാലത്തിന്റെ ഉദ്ഘാടനം വീണ്ടും മാറ്റിയിരിക്കുകയാണ്.
പാലംപണി ആരംഭിച്ച കാലം മുതൽ തുടങ്ങിയതാണ് ഈ തടസ്സങ്ങൾ. യു.ഡി.എഫ്. ഭരണകാലത്താണ് മേൽപ്പാലമെന്ന ആശയമുടലെടുത്തത്.
തടസ്സമായി പാറകളും പാലാരിവട്ടവും
പണിതുടങ്ങി കുറ്റിപ്പുറം റോഡിൽ പൈലിങ് ആരംഭിച്ചതോടെയാണ് അടുത്ത പ്രതിസന്ധിയെത്തിയത്.
പൈലിങ് നടത്തുന്നിടത്തെല്ലാം കൂറ്റൻ പാറകളിൽത്തട്ടി പൈലിങ് മുടങ്ങിയതോടെ വലിയ യന്ത്രങ്ങളെത്തിച്ച് പാറകൾ മാന്തിയെടുത്താണ് രണ്ടു മാസത്തോളം വൈകി പൈലിങ് പുനരാരംഭിച്ചത്. അപ്പോഴേക്കും പാലാരിവട്ടം മേൽപ്പാലം തകർന്നതോടെ അതിന്റെ പ്രത്യാഘാതവും എടപ്പാൾ മേൽപ്പാലത്തിനുണ്ടായി. നേരത്തെ കിറ്റ്‌കോയും ആർ.ബി.ഡി.സി.കെ.യും മാത്രമംഗീകരിച്ചാൽ നടത്താമായിരുന്ന പണിക്ക് ഇതിനു ശേഷം പാലക്കാട് ഐ.ഐ.ടി.യിൽ നിന്നുള്ള അംഗീകാരം കൂടി കിട്ടണമെന്നായി.
കോവിഡ് വന്നതോടെ മറുനാടൻ തൊഴിലാളികളെല്ലാം നാടുപിടിച്ചു. വീണ്ടും പണി അനിശ്ചിതാവസ്ഥയിലായി.
തിരിച്ചു പോയവർ വരാതായതോടെ കുറച്ചുകാലം നാടൻപണിക്കാരെ വെച്ച് പണിനടത്തിയെങ്കിലും അമിതമായ കൂലിയും സാഹസികജോലികൾ ചെയ്യാനുള്ള കഴിവില്ലായ്മയുമെല്ലാം മൂലം അതും നിലച്ചു. എല്ലാം തരണംചെയ്തപ്പോഴാണ് തുലാവർഷവും ന്യൂനമർദവും വീണ്ടും തടസ്സമായെത്തിയത്.