സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു, ഒരാഴ്ചയ്ക്കിടെ ആറു രൂപയുടെ വർധന
കൊച്ചി : സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് ആറുരൂപയോളം വില വർധിച്ചു.
പൊടുന്നനെ ഇത്രയും വില ഉയരുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമാണ്. മഴ തുടരുന്നതും കുട്ടനാട്ടിലും പാലക്കാട്ടും നെൽകൃഷി വ്യാപകമായി നശിച്ചതുമാണ് വില ഉയരാൻ കാരണമെന്ന് കാലടി സദ്യ റൈസ് മിൽ ഉടമ സിനോ ബേബി ദീപികയോടു പറഞ്ഞു.
ഇതുവരെ നെല്ലിന് കിലോയ്ക്ക് 19 രൂപയായിരുന്നു വിലയെങ്കിൽ ആറു രൂപയോളം വർധിച്ച് നിലവിൽ 25 രൂപയായി.
ഇതിനു പിന്നാലെ അരി വിലയും കൂടുകയായിരുന്നു.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന നെല്ലിന്റെ ബഹുഭൂരിഭാഗവും സർക്കാരാണ് സംഭരിക്കുന്നത്. ഇതു പിന്നീട് അരിയാക്കി സപ്ലൈകോ വഴി വിതരണം ചെയ്തുവരുന്നതിനാൽ സ്വകാര്യ മില്ലുടമകൾക്ക് നെല്ല് കാര്യമായി ലഭിക്കാറില്ല.
കാലടിയിലെ അരിമില്ലുകളിലേക്ക് എത്തുന്ന നെല്ലിന്റെ 60 ശതമാനവും കർണാടകയിൽനിന്നാണ്. അവിടെയും ആവശ്യത്തിന് നെല്ല് ലഭിക്കുന്നില്ല. അതിനാൽ മാസത്തിൽ രണ്ടാഴ്ചയോളം മില്ല് അടച്ചിടേണ്ടിവരുന്നതായി ഗായത്രി അരിമില്ലുടമ എച്ച്. പ്രസാദ് പറഞ്ഞു.
ലോക്ഡൗണിനെത്തുടർന്നു സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കു മാസങ്ങളോളം സൗജന്യ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവന്നിരുന്നതിനാൽ പൊതുവിപണിയിൽ അരിവിൽപ്പന കുറഞ്ഞിരുന്നു. അതിനാൽ മില്ലുകളിൽ അരി സംഭരിച്ചുവയ്ക്കുന്നത് ഇത്തവണ ഒഴിവാക്കിയതും തിരിച്ചടിയായി.
സാധാരണ 100 ലോഡ് അരിയെങ്കിലും ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നുവെങ്കിൽ ഇത്തവണ നാമമാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവിലുണ്ടായിരുന്ന സ്റ്റോക്കാണ് വിപണിയിൽ ഇപ്പോഴുള്ളത്. അതിനാൽ ഇപ്പോൾ നേരിയ വില വർധനയേ ഉണ്ടായിട്ടുള്ളുവെങ്കിൽ അടുത്ത സ്റ്റോക്ക് മുതൽ വീണ്ടും കിലോയ്ക്ക് ആറു രൂപയുടെയെങ്കിലും വർധനയുണ്ടാകുമെന്നും മില്ലുടമകൾ പറയുന്നു.
നെല്ലിന് വില കൂടിയതിനു പുറമെ ഇന്ധനവിലയിലും കയറ്റിറക്ക് കൂലിയിലുമെല്ലാം ഉണ്ടായ വർധനയും അരിവില ഉയരാനുള്ള കാരണമാണ്.
കർണാടകയിൽ ഉൾപ്പെടെ വിളവെടുപ്പ് പൂർണതോതിലേക്ക് ഉയരുകയും നെല്ല് യഥേഷ്ടം ലഭ്യമാകുകയും ചെയ്താൽ മാത്രമേ ഇപ്പോഴത്തെ വിലവർധനയിൽ കുറവുണ്ടാകൂ എന്നും ഇതിനു ചുരുങ്ങിയത് ഒരുമാസമെങ്കിലും വേണ്ടിവന്നേക്കുമെന്നുമാണ് മില്ലുടമകൾ നൽകുന്ന സൂചന