കോവിഡ് ഡ്യൂട്ടിക്ക് അധ്യാപകരെയും നിയോഗിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു
കാസർകോട്: കോവിഡ് ഡ്യൂട്ടിക്കായി അധ്യാപകരേയും നിയോഗിക്കാൻ സർക്കാർ തീരുമാനം. ആദ്യ ഘട്ടമെന്ന നിലയിൽ കാസർകോടായിരിക്കും അധ്യാപകരെ നിയോഗിക്കുക. ഇതിനായി ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിവരങ്ങൾ കൈമാറാൻ ജില്ലാ കളക്ടർ സജിത് ബാബു ആവശ്യപ്പെട്ടു.വിദേശത്ത് നിന്നടക്കം കൂടുതൽ ആളുകൾ എത്താനുള്ള സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇനിയും ആളുകളെ ആവശ്യമുള്ളത് കൊണ്ടാണ് അധ്യാപകരെ നിയോഗിക്കുന്നത്. ഇവരുടെ സേവനം 24 മണിക്കൂറും ഉപയോഗിക്കാനാണ് തീരുമാനം. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ക്രമീകരിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
അധ്യാപകരുടെ പട്ടിക നാളെ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുഗതാഗതം ഇല്ലാത്ത സാഹചര്യത്തിൽ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി വാഹനത്തിൽ എത്തിച്ചായിരിക്കും സേവനം ഉറപ്പാക്കുകയെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലേക്കും തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാവുമെന്നാണ് അറിയുന്നത്.