ചെറുകിട വ്യവസായങ്ങള്‍ക്ക് 3 ലക്ഷം കോടിയുടെ വായ്പ

ന്യൂഡെല്‍ഹി: രാജ്യമാകെ അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ സാമ്പത്തികമായി ഞെരുക്കമനുഭവിക്കുന്ന ചെറുകിട വ്യവസായങ്ങളെ സഹായിക്കാനും കൈപിടിച്ചുയര്‍ത്താനുമായി കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ വായ്പാ പദ്ധതി പ്രഖ്യാപിച്ചേക്കും. ഇന്ത്യന്‍ സമ്പദ് ഘടനയുടെ നട്ടെല്ലായ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനായി 3 ലക്ഷം കോടി രൂപ അനുവദിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവയുടെ വായ്പാ പരിധിയുടെ 20% അധിക വായ്പ നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ വായ്പകള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കും. മുടങ്ങുന്ന തിരിച്ചടവുകള്‍ നികത്താന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇത്തരം വായ്പകള്‍ നല്‍കുന്നതിലേക്ക് ബാങ്കുകളെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി ഒരുക്കുന്നത്.
വികസിത രാജ്യങ്ങളുടെ സാമ്പത്തിക പാക്കേജുകളുടെ വലിയൊരു ഭാഗം വായ്പകള്‍ക്ക് ഉറപ്പു നല്‍കുന്നതിന് വേണ്ടിയാണ് ചെലവാക്കുന്നതെന്ന് ഓണ്‍ലൈന്‍ ഓഹരി വ്യാപാര സ്ഥാപനമായ നിര്‍മല്‍ ബാംഗിലെ സാമ്പത്തിക വിദഗ്ധയായ തെരേസ ജോണ്‍ പറയുന്നു. ബാങ്കുകള്‍ക്കും എന്‍ബിഎഫ്‌സികള്‍ക്കും വായ്പാ ലക്ഷ്യങ്ങള്‍ നല്‍കിയുള്ള ഈ നീക്കം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ഏറെ സഹായകമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറുകിട സംരംഭങ്ങളെ കൈപിടിച്ച് ഉയര്‍ത്താതെ ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് മുന്നോട്ടു പോകാനാവില്ല. ചെറുകിട സ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടത് തൊഴിലില്ലായ്മ രൂക്ഷമാകാതിരിക്കാനും അത്യാവശ്യമാണെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. രാജ്യത്ത് അടച്ചു പൂട്ടല്‍ പ്രാബല്യത്തിലായതോടെ ഖനനം, നിര്‍മാണം, ഉല്‍പ്പാദനം, സേവനം എന്നീ മേഖലകളിലായി 10 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ 23 ദശലക്ഷമാണ് ഇന്ത്യയിലെ തൊഴില്‍ രഹിതരുടെ എണ്ണം. ചെറുകിട മേഖലയുടെ തകര്‍ച്ച ഇതില്‍ വലിയ വര്‍ദ്ധന ഉണ്ടാക്കിയേക്കാം.

ഇന്ത്യയുടെ തൊഴില്‍മേഖല

തൊഴില്‍ രംഗം തൊഴിലാളികള്‍ (കോടി)

കൃഷി 19.5
ഖനനം 0.2
ഉല്‍പ്പാദനം 4.4
വൈദ്യുതി, ജലം 0.2
നിര്‍മാണം 4.9
വ്യാപാര മേഖല 5.5
ഗതാഗതം 2.5
ഇതര സേവനങ്ങള്‍ 5.8

ഇന്ത്യക്ക് എഡിബി വായ്പ

കോവിഡ്-19 പ്രതിരോധിക്കാനായി ഇന്ത്യക്ക് ഏഷ്യന്‍ വികസന ബാങ്കിന്റെ (എഡിബി) സഹായം. 1.5 ബില്യണ്‍ ഡോളറാണ് (11,383 കോടി രൂപ) എഡിബി ഇന്ത്യക്ക് വായ്പയായി നല്‍കുക. രോഗപ്പകര്‍ച്ച തടയാനും പാവപ്പെട്ടവരുടെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും ഉദ്ദേശിച്ചുള്ളതാണ് വായ്പയെന്ന് ബാങ്ക് വ്യക്തമാക്കി. അസാധാരണമായ വെല്ലുവിളിയെ നേരിടാന്‍ ഇന്ത്യയെ സഹായിക്കാന്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് എഡിബി പ്രസിഡന്റ് മസാത്‌സുഗു അസാകാവ പറഞ്ഞു. എഡിബി നല്‍കാനുദ്ദേശിക്കുന്ന വലിയ പാക്കേജിന്റെ ഭാഗമാണ് ഈ അടിയന്തര സഹായമെന്നും അദ്ദേഹം അറിയിച്ചു.

%d bloggers like this: