Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

AGRICULTURE

പച്ചക്കറി കൃഷിക് ഗ്രോബാഗുകൾ നിറയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ വളരെയധികം പ്രചാരം നേടിയ ഒന്നാണ് ഗ്രോബാഗ് കൃഷി. സാധാരണയായി ഗ്രോബാഗിൽ പച്ചക്കറി വിളകളാണ് കൃഷി ചെയ്ത് വരുന്നത്. പച്ചക്കറി വിളകൾ കൃഷി ചെയ്യുമ്പോൾ നല്ല വെയിൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ വെള്ളം വാർന്ന് പോകാൻ ഉള്ള സൗകര്യവും ഗ്രോബാഗിൽ ഉണ്ടെന്നു ഉറപ്പുവരുത്തുക.
ഗ്രോബാഗ് മിശ്രിതം തയ്യാറാക്കാൻ വേണ്ടവ:-
✅ 50 % മേൽ മണ്ണ്
✅ 25% ചകിരിച്ചോർ
✅ 25 % ഉണക്കി പൊടിച്ച ചാണകം / ജൈവ വളം
♦️100-150 ഗ്രാം കുമ്മായം( മണ്ണിന്റെ അമ്ലത്വ സ്വഭാവത്തിന് അനുസൃതമായി)
♦️150 ഗ്രാം എല്ലുപൊടി
♦️ 150 ഗ്രാം വേപ്പിൻ പിണ്ണാക്ക്
♦️ 20 ഗ്രാം സ്യൂഡോമോണസ്
♦️ 20 ഗ്രാം ട്രൈക്കോഡർമ്മ
( ലഭ്യതക്ക് അനുസരിച്ചു ചേർക്കാവുന്നതാണ്, ഒരു ഗ്രോബാഗിന്.)

മേല്പറഞ്ഞ ചേരുവകളിൽ മണ്ണും കുമ്മായവും ആദ്യം ചേർത്ത് ഇളക്കി ഒരാഴ്ച വെക്കുക.
ഗ്രോബാഗിൽ മിശ്രിതം നിറക്കുന്നതിന് മുൻപ് ഒരു ഇഞ്ച് കനത്തിൽ ചകിരിച്ചോർ ഇട്ടുകൊടുക്കുന്നത് ബാഗുകളിൽ നനവ് നിലനിർത്തുന്നതിന് സഹായകമാകും. ശേഷം മേൽ പറഞ്ഞ ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി ഗ്രോബാഗിൽ നിറക്കുക. ഒരാഴ്ച ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചു കൊടുത്തു ഈർപ്പം നിലനിർത്താൻ ശ്രദ്ധിക്കുക.
ഒരാഴ്ച കഴയുമ്പോൾ ഗ്രോബാഗിൽ വരുന്ന കളകളെ എല്ലാം നീക്കം ചെയ്ത ശേഷം തൈകൾ/ വിത്ത് നടാവുന്നതാണ്. ആദ്യമായി മിശ്രിതം നിറക്കുമ്പോൾ 60% നിറച്ചു ബാക്കി ഭാഗം ഒഴിച്ചിടാം. തൈകൾ വളരുന്നതിന് അനുസരിച് വളവും മണ്ണും ചേർത്ത്ക്കൊടുത്താൽ മതിയാകും.
ഗ്രോബാഗ് വയ്ക്കുന്ന സ്ഥലം കോൺക്രീറ്റ് അല്ലെങ്കിൽ കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രതലമാണെങ്കിൽ ഇഷ്ടികക്ക് മുകളിലോ ചകിരി കമഴ്ത്തിയിട്ട് അതിന് മുകളിലോ ആയി ഗ്രോബാഗുകൾ വയ്ക്കുവാൻ ശ്രദ്ധിക്കുക. ഗ്രോബാഗിൽ ചെറിയ വിത്തുകളായ മുളക്, തക്കാളി, വഴുതിന, ചീര തുടങ്ങിയവ പാകി മുളപ്പിച്ചതിന് ശേഷം നടുന്നതാണ് ഉത്തമം. വലിയ വിത്തുകൾ നേരിട്ട് ഗ്രോബാഗിൽ പാകുമ്പോൾ ‘വിത്ത് വിത്തോളം’ എന്ന രീതിയിൽ വിത്തിന് എത്ര വണ്ണമുണ്ടോ അത്രയും മാത്രം വിത്ത് മണ്ണിലേക്ക് താഴ്ത്തിയാൽ മതിയാകും.
?നട്ടു 2,4 ആഴ്ചകളിൽ സുഡോമോണാസ് 10 ഗ്രാം/ 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുക്കണം.
?നട്ടു 3,5 ആഴ്ചകളിലും, പിന്നീട് കീടങ്ങളുടെ ആക്രമണം ഉണ്ടാകുമ്പോഴും വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം 20 മില്ലി/ 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് നൽകാം.

പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് തുടക്കം നമ്മുടെ ഓരോരുത്തരുടെയും അടുക്കള തോട്ടങ്ങളിൽ നിന്നാവട്ടെ…