കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി വരെ നീട്ടി
ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ ഉപാധികളോടെയുള്ള ഇളവുകള്‍ അനുവദിക്കും
ഹോട്ട് സ്‌പോട്ടുകളില്‍ പ്രത്യേക ഇളവുകളൊന്നും ബാധകമല്ല
കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രിവരെ നീട്ടി. ഓറഞ്ച് സോണില്‍ ഉള്‍പ്പെട്ട ജില്ലയില്‍ ഉപാധികളോടെയുള്ള ഇളവുകള്‍ക്ക് അനുമതി നല്‍കിയാണ് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ യാതൊരു ഇളവുകളുമില്ലാതെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും.
നിരോധനാജ്ഞയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• ജില്ലയില്‍ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടി നില്‍ക്കുവാന്‍ പാടില്ല
• രാത്രി 7.30 മുതല്‍ രാവിലെ ഏഴ് മണി വരെ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെയുള്ള സ്വകാര്യ യാത്രകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ജില്ലാ കളക്ടര്‍/ജില്ലാ പോലിസ് മേധാവി നല്‍കുന്ന പാസിന്റെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കുന്നതാണ്.
• 10 വയസില്‍ താഴെയുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ ചികിത്സാ ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യുവാന്‍ പാടില്ല.
• പൊതു സ്ഥാലങ്ങളില്‍ ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
• ജില്ലയ്ക്കകത്ത് നാലുചക്ര സ്വകാര്യ/ടാക്‌സി വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ പരമാവധി മൂന്ന് പേര്‍ മാത്രമേ യാത്ര ചെയ്യുവാന്‍ പാടുള്ളു. ഇത്തരം യാത്രകള്‍ അടിയന്തര സാഹചര്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.
• സ്‌കൂളുകള്‍, കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, അവധിക്കാല വിനോദങ്ങള്‍, വിനോദയാത്രകള്‍ എന്നിവ സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പഠന മാര്‍ഗ്ഗങ്ങള്‍ അനുവദനീയമാണ്.
• സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമ കേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കരുത്. മത്സരങ്ങള്‍, ടൂര്‍ണ്ണമെന്റുകള്‍ എന്നിവ നടത്തുന്നതും ഓഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ നടത്തുന്നതും നിരോധിച്ചിരിക്കുന്നു.
• ഹോട്ടലുകള്‍, റെസ്റ്റോറണ്ടുകള്‍ എന്നിവിടങ്ങളില്‍ പാര്‍സല്‍ സര്‍വ്വീസുകള്‍ മാത്രമെ പാടുള്ളൂ.
• ബാര്‍ബര്‍ ഷോപ്പ് , ബ്യൂട്ടി പാര്‍ലര്‍, സ്പാ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ ചെന്ന് ജോലി ചെയ്യാവുന്നതാണ്.
• വിവാഹചടങ്ങുകളില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേര്‍ മാത്രമേ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാന്‍ പാടുള്ളു.
• മരണാനന്തര ചടങ്ങുകളില്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 20 പേര്‍ക്ക പങ്കെടുക്കാം.
• പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിരിക്കുന്നു. ഇത് ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ നിലവിലെ നിയമം അനുസരിച്ച് പൊലീസ് പിഴ ഈടാക്കുന്നതാണ്.
• ആശുപത്രികളില്‍ സന്ദര്‍ശകര്‍, ബൈ സ്റ്റാന്റര്‍മാരായി ഒന്നിലധികം പേര്‍ എത്തുന്നത് നിരോധിച്ചിരിക്കുന്നു.
• എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.
• എല്ലാ ആരാധനാലയങ്ങളിലും പൊതു ജനങ്ങളുടെ പ്രവേശനം, പ്രത്യേക പ്രാര്‍ത്ഥനകള്‍/കൂട്ടപ്രാര്‍ത്ഥനകള്‍ എന്നിവ നിരോധിച്ചിരിക്കുന്നു. ആരാധനാലയങ്ങളില്‍ അവശ്യം നടത്തേണ്ട ചടങ്ങുകള്‍ കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ജീവനക്കാര്‍ക്ക് മാത്രം നടത്താവുന്നതാണ്. ഇതിന് അഞ്ചിലധികം പേര്‍ പാടുള്ളതല്ല.
• എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കും, പാര്‍ക്കുകളിലേയ്ക്കും, ബീച്ചുകളിലേയ്ക്കുമുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നു.
• ‘ബ്രെയ്ക് ദ ചെയിന്‍’ കാമ്പയിന്‍ ഉറപ്പ് വരുത്തുന്നതിനായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഉപഭോക്താക്കള്‍ക്കായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തില്‍ സജ്ജീകരിക്കേണ്ടതാണ്.
• ഓറഞ്ചു സോണില്‍ അനുവര്‍ത്തിക്കേണ്ട എല്ലാ നിയന്ത്രണങ്ങളും ജില്ലയില്‍ നിലനില്‍ക്കുന്നതാണ്.