മറുനാടൻ മലയാളികളെ സ്വീകരിക്കാൻ വാളയാർ ഒരുങ്ങി
പാലക്കാട്:ലോക് ഡൗണിനെത്തുടർന്ന് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ തിങ്കളാഴ്ചമുതൽ കേരളത്തിലേക്ക് എത്തിച്ചുതുടങ്ങും. ഇതിന്റെ നടപടിക്രമങ്ങളും പരിശോധനകളും നടത്താൻ കേരള-തമിഴ്‌നാട് അതിർത്തിയായ വാളയാറിൽ വിപുലമായ സജ്ജീകരണമൊരുക്കി.
നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് യാത്രാനുമതി ലഭിച്ചവരെയാണ് രാവിലെ എട്ടുമുതൽ പ്രവേശിപ്പിക്കുക. വൈകീട്ട് ആറുമണിക്കുശേഷം പ്രവേശനം ഉണ്ടാവില്ല. തൊഴിലാളികൾ, വിദ്യാർഥികൾ, ടൂറിസ്റ്റുകൾ തുടങ്ങി ഏകദേശം 20,000 പേരെങ്കിലും കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാന അതിർത്തിയായ വാളയാർ ചെക്‌പോസ്റ്റിലൂടെ മാത്രമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. യാത്രക്കാർക്കുള്ള ഹെൽപ്പ് ഡെസ്ക്, കുടിവെള്ളം, വിശ്രമസൗകര്യം, ടോയ്‌ലറ്റ് സംവിധാനം തുടങ്ങിയവ കൗണ്ടറിന് സമീപത്തായി ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾ നിയന്ത്രിക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി 120 പോലീസുകാരുടെ സേവനവും ഉണ്ടാവും.16 കൗണ്ടറുകൾ
വരുന്ന ആളുകളുടെ വിവരങ്ങൾ ശേഖരിക്കാനും പരിശോധിക്കാനും പഴയ വാണിജ്യനികുതി ചെക്‌പോസ്റ്റിൽ 16 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒന്നുമുതൽ 14 വരെയുള്ള കൗണ്ടറുകൾ കേരളത്തിനകത്തേക്ക് വരുന്ന യാത്രക്കാർക്കും 15, 16 കൗണ്ടറുകൾ കേരളത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാർക്കും വേണ്ടിയുള്ളതാണ്.
കോവിഡ് നെഗറ്റീവ് രേഖ വേണം
തമിഴ്‌നാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ ചാവടിപ്പുഴ പാലത്തിനുസമീപം പോലീസ് തടഞ്ഞശേഷം നിശ്ചിത എണ്ണത്തിലാവും പരിശോധനയ്ക്കായി കൗണ്ടറുകളുടെ ഭാഗത്തേക്ക് കടത്തിവിടുക. വരുന്നവ്യക്തി കോവിഡ് രോഗമില്ലെന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റോ രേഖകളോ കാണിക്കണം. ഇതില്ലാത്തവരെ അത് ലഭിച്ചതിനുശേഷമേ കടത്തിവിടൂ.
നിരീക്ഷണത്തിലിരിക്കണം
കൗണ്ടറുകളിൽ യാത്രക്കാരെ പരിശോധിക്കും. കോവിഡ് ലക്ഷണമുള്ളവരെ കണ്ടെത്തിയാൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. വീടുകളിലേയ്ക്ക് അയക്കുന്നവർ അധികൃതർ നിർദേശിക്കുന്ന ദിവസംവരെ നിരീക്ഷണത്തിലിരിക്കണം.
Courtesy:mathrubhumi