എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ: 17നു ശേഷമുള്ള നാല് ദിവസങ്ങളില്‍.

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ എത്രയും വേഗം നടത്താന്‍ തയാറെടുപ്പു നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേന്ദ്രം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവ് വരുത്തിയതോടെ പരീക്ഷകള്‍ നടത്തുന്നതിന് തടസമില്ല. ഇതനുസരിച്ച് മെയ് 17നു ശേഷം നാല് ദിവസമായി പരീക്ഷ നടത്താനുള്ള തയാറെടുപ്പിലാണ് വിദ്യാഭ്യാസവകുപ്പ്. അതേസമയം കൊവിഡ് ഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ ഓണ്‍ലൈന്‍ പരീക്ഷയുടെയും പഠനത്തിന്റെയും സാധ്യതകള്‍ പരിശോധിക്കാന്‍ അധ്യാപകരുടെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങി. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് വീട്ടില്‍ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള ഓണ്‍ലൈന്‍ സാധ്യതകളും ഉണ്ടോ എന്നാണ് വിലയിരുത്തുന്നത്. ഓണ്‍ലൈന്‍ പരീക്ഷ നടത്തേണ്ട സാഹചര്യത്തിനും അധ്യയന വര്‍ഷം തുടങ്ങാന്‍ വൈകുന്ന മുറയ്ക്ക് ഓൺലൈൻ ക്ലാസുകള്‍ ആരംഭിക്കുന്നതിനും ഈ വിവരങ്ങള്‍ പ്രയോജനപ്പെടുത്താനാണ് സര്‍വേ. വിദേശത്തു നിന്ന് മലയാളികളെ കൊണ്ടുവന്നാല്‍ അവരെ ക്വാറന്റൈനില്‍ പാര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ അടക്കം ഏറ്റെടുക്കേണ്ടിവരും. ഈ സാഹചര്യത്തില്‍ പ്രവാസികളെത്തും മുൻപ് പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാണു ഉദ്ദേശിക്കുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തു. ലക്ഷദ്വീപിലും പരീക്ഷ നടത്തേണ്ടതുണ്ട്. അവിടെ കൊവിഡ് ഭീഷണിയില്ല. അതിനാല്‍ സാഹചര്യങ്ങള്‍ അനുകൂലമാണ്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് ഒരാഴ്ചയ്ക്ക് ശേഷമേ പരീക്ഷ നടത്താന്‍ കഴിയൂ എന്ന നിലപാടിലാണ് അധ്യാപക സംഘടനകള്‍. പരീക്ഷാ നടത്തിപ്പിന് നാലുദിവസം മാത്രം മതിയാകും. ആദ്യവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്തിയാല്‍ മതിയെന്ന നിര്‍ദേശം അധ്യാപക സംഘടനകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. വി.എച്ച്.എസ്.ഇ, ടി.ടി.സി പരീക്ഷകളും മുടങ്ങിയ കൂട്ടത്തിലുണ്ട്. എസ്.എസ്.എല്‍.സിയോടൊപ്പമാണ് ടി.ടി.സി പരീക്ഷകള്‍ നടത്തിയിരുന്നത്. ഇത് എന്ന് നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല.

%d bloggers like this: