Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

LOCALNEWS

അഭിനന്ദനക്കുറിപ്പിന് നന്ദിയറിയിക്കാൻ വളാഞ്ചേരി പോലീസ് ഉഷയെ തേടിയെത്തി

വളാഞ്ചേരി: പത്രത്താളിൽ താൻ കണ്ട ഒരു ചിത്രമാണ് രണ്ടാം ക്ലാസുകാരി ഇഷ മെഹറിന്റെ മനസ്സിൽ തൊട്ടത്. വീടു വിട്ട് തെരുവിലലഞ്ഞ വയോധികനെ വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരുടെ സമയോചിത ഇടപെടൽ മൂലം ബന്ധുക്കളുടെ അരികിലെത്തിച്ചിരുന്നു. വളരെയധികം അവശനായ അദ്ദേഹത്തെ പരിചരിച്ച ശേഷമാണ് ബന്ധുക്കളുടെ അരികിലെത്തിച്ചത്. ഈ സംഭവത്തെക്കുറിച്ച് വളാഞ്ചേരി ഓൺലൈനിൽ അടക്കമുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയും ചിത്രങ്ങളും കണ്ടാണ് കഴിഞ്ഞ ദിവസം ഇഷ വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് കത്തെഴുതിയത്. തന്റെ കത്തിൽ ഒരു വയോധികന് മാസ്ക് കെട്ടികൊടുക്കുന്ന ചിത്രത്തിന്റെ കട്ടിങ്ങും വച്ചിരുന്നു.കത്ത് വായിച്ച വളാഞ്ചേരി എസ്.എച്.ഒ എം.കെ ഷാജിയും സംഘവും കത്തെഴുതിയ ആളെ നേരിൽ കാണാൻ ഇഷയുടെ ബാവപ്പടിയിലെ വീട്ടിലെത്തി. വീട്ടിൽ എത്തിയ പോലീസുകാരെ ഇഷയും വല്ല്യൂപ്പ നാലകത്ത് സൈതലവിയും വല്യുമ്മ ഫാത്തിമയും ചേർന്ന് സ്വീകരിച്ചു. ആശംസക്കുള്ള നന്ദി അറിയിക്കുകയും ഇഷക്കായി കൊണ്ടുവന്ന സമ്മാനങ്ങൾ കൈമാറുകയും ചെയ്തു, നന്നായി പഠിച്ച് നാടിന് നന്മ ചെയ്യുന്ന നല്ല വിദ്യാർത്ഥിയായി മാറണമെന്ന് സമ്മാനം നൽകിക്കൊണ്ട് എസ്.എച്ച്.ഒ എം.കെ ഷാജി ഇഷയെ അഭിനന്ദിക്കുകയും പോലീസ് സ്റ്റേഷനിലെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ സ്റ്റേഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു. കോവിഡിനെ പ്രതിരോധിക്കുന്ന പോലീസുകാർക്ക് കത്തെഴുതൂ എന്ന തപാൽ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇഷ വളാഞ്ചേരി പോലീസിന് കത്തെഴുതിയത്. എസ്.എച്ച്.ഒ.എം.കെ.ഷാജിയോടൊപ്പം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജെറീഷ്, മനോജ്, സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഓഫീസർ നസീർ തിരൂർക്കാട് എന്നിവരുമുണ്ടായിരുന്നു. മാധ്യമ പ്രവർത്തകൻ നാലകത്ത് നൂറുൽ ആബിദിന്റെയും ബേബി ഷഹ് നാസിന്റെയും മകളായ ഇഷ മെഹ്റിൻ പൂക്കാട്ടിരി സഫ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.