വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമായ കുഞ്ഞിന്, പകർന്നത് മുത്തച്ഛനിൽ നിന്ന്

മാനന്തവാടി : വയനാട്ടിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 11 മാസം പ്രായമുള്ള കുഞ്ഞിനാണ്. നേരത്തേ രോഗം സ്ഥിരീകരിച്ച മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറുടെ മകളുടെ മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെ അമ്മയ്ക്ക് പക്ഷേ പരിശോധനയിൽ രോഗമില്ലെന്നാണ് തെളിഞ്ഞത്. ഒരു ഇടവേളയ്ക്ക് ശേഷം വയനാട്ടിൽ ഒരു കുഞ്ഞിനടക്കം എട്ട് പേ‍ർക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എട്ട് പേരുടെയും രോഗത്തിന്‍റെ ഉറവിടം തമിഴ്നാട്ടിലെ കോയമ്പേട് പച്ചക്കറിച്ചന്തയാണെന്നതും ആശങ്കയാണ്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പച്ചക്കറിച്ചന്തയായ കോയമ്പേട് പച്ചക്കറിലോഡുമായി പോയി വന്ന ലോറി ഡ്രൈവറടക്കം രണ്ട് പേർക്കും ഇവരുടെ സമ്പർക്കത്തിൽ വന്ന ആറ് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ എല്ലാവരെയും ക്വാറന്‍റൈനിലാക്കിയെന്നതിൽ ജില്ലാ ഭരണകൂടത്തിന് തൽക്കാലം ആശ്വസിക്കാം. ഇവരുമായി കൂടുതൽ പേർക്ക് സമ്പർക്കമുണ്ടായിട്ടില്ല എന്ന് തന്നെയാണ് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നത്. 

വയനാട് ജില്ലയിൽ ആകെ 1855 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1839 പേർ വീടുകളിലാണ്. 16 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് ആറ് പേരെയാണ്. 

%d bloggers like this: