Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

ജൂൺ 1ന് സ്കൂൾ അധ്യയനം ആരംഭിക്കും; മന്ത്രി.

തിരുവനന്തപുരം: മഹാമാരിക്കിടയിലും പരിമിതികളെ മറികടന്ന് കൊണ്ട് ജൂൺ 1ന് തന്നെ ഈ വർഷത്തെ സ്കൂൾ അധ്യയനം ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ്‌.

മന്ത്രിയുടെ ഫേസ്‌ബുക് പോസ്റ്റ് ഇങ്ങിനെ.
??????
കൊച്ചുമക്കളെ, അധ്യാപക സുഹൃത്തുക്കളെ,

ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് 2020-21 അക്കാദമിക് വർഷം നമുക്ക് ആരംഭിക്കേണ്ടതുണ്ട്. 2020-21 ‘സുവർണ അക്കാദമിക വർഷ’മാകണം എന്നാണ് നാം ആഗ്രഹിച്ചിരുന്നത്. എന്തെങ്കിലും പരിമിതികളുണ്ടെങ്കിൽ
അതിനെയെല്ലാം മറികടന്നു കൊണ്ട് ഈ ആഗ്രഹം സഫലമാക്കുവാൻ നമുക്ക്‌ കഴിയേണ്ടതുണ്ട്.
അതുകൊണ്ട് ജൂൺ 1ന് തന്നെ അക്കാദമിക് പ്രവർത്തനങ്ങൾ ആരംഭിക്കണം.

കുട്ടികൾക്ക് സ്ക്കൂളുകളിൽ നേരിട്ട് എത്തി പഠനം നടത്തുവാൻ കഴിയാത്ത സഹചര്യം ഉണ്ടായാൽ ജൂൺ 1ന് തന്നെ ഓൺലൈൻ ക്ലാസ്സുകൾ എന്ന രീതിയിൽ നമുക്ക് പഠനം തുടങ്ങാം. 40 ലക്ഷം കുട്ടികളുടെ വീട്ടിലും പാഠഭാഗങ്ങൾ കൈറ്റ് വിക്ടേഴ്സ് ചാനലലിലൂടേയും ഓൺലൈനുമായും എത്തിക്കുവാനുള്ള വലിയ ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ‘ഹൈടെക് വിദ്യാഭ്യാസം’ എന്നത് അർത്ഥ പൂർണ്ണമാക്കുവാൻ കൂടി ഇതുവഴി കഴിയും.

സ്കൂളിൽ ഇരുന്ന് അധ്യാപകരും വീട്ടിലിരുന്ന് കുട്ടികളും ക്ലാസ് ശ്രദ്ധിക്കണം. തുടർന്ന് സോഷ്യൽ മീഡിയ ശ്രൃംഖലകളിലൂടെ കുട്ടികളുമായി സംവദിച്ച് സംശയങ്ങൾ തീർക്കണം. ഭാവനാസമ്പന്നരായ നമ്മുടെ അധ്യാപകർക്ക് ഈ സാദ്ധ്യത ഒരു സർഗ പ്രക്രിയയാക്കാൻ സാധിക്കുമെന്ന് കരുതുന്നു. അകന്നിരിക്കുമ്പോൾ തന്നെ ഹൃദ്യമായ പാഠാനുഭവങ്ങളിലൂടെ കുട്ടികളെ മാനസികമായി അടുത്തിരുത്തുവാൻ കഴിയും. കൊറോണാനന്തര അക്കാദമിക് വർഷം പുതിയ അധ്യയന – പഠന അനുഭവങ്ങളുടെ വർഷമാക്കാം. സാമൂഹിക നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് വിദ്യാലയത്തിൽ സർഗാത്മകതയും സജീവതയും തിരിച്ചു കൊണ്ടുവരുവാൻ നമുക്ക് കൂട്ടായി ശ്രമിക്കാം. വിദ്യാലയങ്ങളുടെ സ്വാഭാവിക, സജീവ അന്തരീക്ഷത്തിൽ സർഗാനുഭവങ്ങളുടെ സുവർണ സാഹചര്യം സൃഷ്ടിക്കുക എന്നതു തന്നെയാണ് നമ്മുടെ മുഖ്യ ലക്ഷ്യം. അതുവരെ മാത്രമാണ് ഓൺലൈൻ പഠനം. വിദ്യാലയങ്ങളും അധ്യാപകരും ഈ പരിപാടിയുടെ വിജയത്തിനായി ഭാവനയോടെ ഒരുങ്ങുവാൻ അഭ്യർത്ഥിക്കുന്നു.