Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്നുപേര്‍ രോഗമുക്തരായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കും, പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം ഭേദമായത് മൂന്നുപേര്‍ക്കാണ്. രോഗം ഭേദമായവരില്‍ രണ്ടുപേര്‍ കൊല്ലം സ്വദേശികളാണ്. കണ്ണൂര്‍ സ്വദേശിയായ ഒരാള്‍ക്കും രോഗം ഭേദമായതായി മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ പുറത്തുനിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ചെന്നൈയില്‍ നിന്ന് വന്ന രണ്ടുപേര്‍ക്കും മുംബൈയില്‍ നിന്ന് വന്ന നാലുപേര്‍ക്കും ബംഗളൂരുവില്‍ നിന്ന് വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 11 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഇടുക്കിയിലെ ഒരാള്‍ക്ക് സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കാസര്‍ഗോട്ട് ഏഴ് പേര്‍ക്കും വയനാട്ടില്‍ മൂന്ന്‌പേര്‍ക്കും പാലക്കാട്ട് ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒരു പൊലീസുകാരനും രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 560 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 36910 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 36362 പേര്‍ വീടുകളിലും 548 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. 39619 എണ്ണം രോഗബാധിയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.