Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ തെരുവിൽ ഇറങ്ങരുത്: കാന്തപുരം

കോഴിക്കോട് / റമസാനിൽ വീട്ടിലിരുന്ന് വ്രതശുദ്ധി കൈവരിച്ചതു പോലെ പെരുന്നാളിലും വിശ്വാസികൾ സ്വന്തം വീടുകളിൽ കഴിയണമെന്നും പെരുന്നാൾ നിസ്‌കാരം വീടുകളിൽ വെച്ച് നിർവഹിക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. നിർബന്ധിത ദാനമായ ഫിത്വർ സകാത്ത് പെരുന്നാൾ നിസ്‌കാരത്തിന് മുമ്പുതന്നെ അർഹരിലേക്കെത്തിച്ചു കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് വലിയൊരു പരീക്ഷണ ഘട്ടമാണ്. പള്ളികൾ പെരുന്നാൾ നിസ്‌കാരമില്ലാതെ അടഞ്ഞുകിടക്കുമ്പോൾ നാം കുടുംബ സന്ദർശനങ്ങളുടെ പേരിൽ പോലും പുറത്തിറങ്ങരുത്.

നൂറുകണക്കിന് മനുഷ്യർ പട്ടിണി കിടന്നും രോഗത്താലും വിവിധ ഭാഗങ്ങളിൽ ബുദ്ധിമുട്ടിക്കഴിയുമ്പോൾ പെരുന്നാളിന്റെ പേരിൽ ഷോപ്പിംഗിനായി അങ്ങാടിയിലിറങ്ങരുത്. ഒരാർഭാടവും ഈ സമയത്ത് നമുക്ക് വേണ്ട. അത് വിശ്വാസിക്ക് ചേർന്നതുമല്ല.
ചെറിയൊരു ജാഗ്രതക്കുറവ് പോലും ജീവിതം കൊണ്ടുള്ള കളിയായി മാറിയേക്കും. കൊവിഡ് എന്ന മഹാമാരിയെ പൂർണമായും തുരത്തുന്നതുവരെ അധികൃതരുടെ നിർദേശങ്ങൾ പാലിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പള്ളികളും മതപഠന ശാലകളും തുറക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കാൻ നാം കൂടുതൽ ജാഗ്രത പുലർത്തുകയാണ് വേണ്ടത്. കൊവിഡ് പൂർണമായും നിർമാർജനം ചെയ്ത ഒരു രാജ്യവുമില്ലെന്ന് മാത്രമല്ല, പല രാജ്യങ്ങളിലും ഈ രോഗം കൂടുതൽ വ്യാപകമാകുകയാണ്. നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ആശങ്കാജനകമാണ്. ലോക്ക്ഡൗൺ ഇളവുകൾ ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

ഒരിളവ് കിട്ടുമ്പോഴേക്ക് പലരും പുറത്തിറങ്ങുന്നത് അത്യാവശ്യ കാര്യങ്ങൾക്കല്ല. ഇത് രോഗവ്യാപനത്തിന് വലിയ കാരണമാകാം. ആഘോഷ വേളയിൽ പട്ടിണിയിലും മറ്റ് പ്രയാസങ്ങളിലും കഴിയുന്നവർക്ക് അന്നവും മരുന്നും മറ്റ് അവശ്യ സഹായങ്ങളും എത്തിക്കുന്നതിലാകണം നമ്മുടെ ശ്രദ്ധ. ഈ മാരകരോഗത്തെ പ്രതിരോധിക്കുന്നതിൽ ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. മാസ്‌കും ശുചിത്വവും സാമൂഹിക അകലം പാലിക്കലും ജീവിതശൈലിയുടെ ഭാഗമാക്കണം. ഈ മഹാവിപത്തിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള അകമുരുകിയ പ്രാർഥനകളായിരിക്കണം ഇനിയുള്ള പവിത്രമായ ദിനങ്ങളിലും പെരുന്നാൾ ദിനത്തിലും വിശ്വാസികളിൽ നിന്നുണ്ടാകേണ്ടതെന്നും കാന്തപുരം ഓർമിപ്പിച്ചു.