Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

നവീകരണം പൂർത്തിയായി;വിശ്വാസികൾക്ക് തുറന്നുകൊടുക്കാനൊരുങ്ങി വെങ്ങാട് കിഴക്കേകര ജുമുഅ മസ്ജിദ്

വെങ്ങാട്: നവീകരണം പൂര്‍ത്തിയായ  വെങ്ങാട് കിഴക്കേകര ജുമുഅ മസ്ജിദ് പ്രാര്‍ഥനക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങി. 2001ൽ പുതിയ മഹല്ലായി രൂപം കൊണ്ട കിഴക്കേകര  ജുമുഅ മസ്ജിദാണ്  ആധുനിക രീതിയില്‍ വിപുലമായ സൗകര്യങ്ങളോടെ പുതുക്കി നിര്‍മിച്ചത്. കൂടുതല്‍ വിശ്വാസികളെ ഉള്‍കൊള്ളാവുന്ന സൗകര്യത്തിനൊപ്പം അനുബന്ധ സംവിധനങ്ങളുമൊരുക്കിയാണ്  പ്രൗഢിയോടെ മസ്ജിദ് നവീകരണം പൂര്‍ത്തിയാക്കിയത്. ഒരു സഹോദരന്റെയും പ്രവാസി സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും  സാമ്പത്തിക സഹായത്തോടെയാണ്  കിഴക്കേകര മഹല്ല് നിവാസികളുടെ ആഗ്രഹമായിരുന്ന മസ്ജിദ് നിര്‍മാണം യാഥാര്‍ഥ്യമായത്. പ്രദേശത്തിന് സ്വന്തമായി ഒരു ജുമുഅ മസ്ജിദ് എന്ന
വെങ്ങാട് കിഴക്കേകരയിലെ വിശ്വാസികളുടെ
സ്വപ്നം യാഥാർഥ്യമായത് രണ്ടായിരത്തി ഒന്നിലാണ്. കരുപറമ്പ് മഹല്ല് ജുമുഅ മസ്ജിദിന്റെ ഭാഗമായിരുന്നു കിഴക്കേകര നിവാസികൾ. മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ജുമുഅക്കും മറ്റു പ്രാർത്ഥനകൾക്കുമായി കരുപറമ്പിലേക്ക് എത്തിപ്പെടലും മരണപ്പെട്ടവരുടെ മയ്യിത്ത് ഖബറടക്കത്തിനായി കരുപറമ്പിലേക്ക് കൊണ്ടുപോകുന്നതും പ്രയാസകരമായതിനാലാണ് സ്വന്തമായൊരു ജുമുഅ മസ്ജിദ് എന്ന ആഗ്രഹം ഉദിക്കുന്നത്. നാട്ടിലെ പൗരപ്രമുഖർ, പ്രവാസികൾ, സാധാരണക്കാർ എന്നിവരുടെ ഒന്നിച്ചുള്ള  ശ്രമത്താൽ ജുമുഅത്ത് പള്ളി നിർമാണത്തിന് സാധ്യത തെളിഞ്ഞു. നാട്ടുകാരനായ ഒരു  സഹോദരൻ പള്ളി നിർമിക്കാനായി സ്ഥലം വഖഫായി വിട്ടുനൽകി. മഹല്ല് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്താൽ അറബി സഹോദരന്റെയും പ്രവാസികൾ അടക്കമുള്ള നാട്ടുകാരുടെയും സാമ്പത്തിക സഹായത്താൽ കിഴക്കേകരക്ക് സ്വന്തമായി ജുമുഅത്ത് പള്ളി നിലവിൽവന്നു. പിന്നീട് ഈ അടുത്തായി മഹല്ല് ഖബർസ്ഥാനും യാഥാർഥ്യമായി. 82 വീടുകളാണ് തുടക്കകാലത്ത് മഹല്ലിന്റെ പരിധിയിൽ ഉണ്ടായിരുന്നത്. ഇപ്പാൾ 150 വീടുകളുണ്ട്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി നിലനിൽക്കുന്ന ലോക്ക്ഡൗണിനു ശേഷം നവീകരിച്ച മസ്ജിദിന്റെ ഉദ്ഘാടന പരിപാടികൾ തീരുമാനിക്കും.തൊണ്ടിയിൽ ഹസ്സൻ ബാവ മാസ്റ്റർ സെക്രട്ടറിയും ഏകരിയിൽ ഇബ്റാഹീം ഹാജി പ്രസിഡന്റും തെയ്യമ്പാട്ടിൽ മുഹമ്മദ്‌ ട്രഷററും ഏകരിയിൽ സദറുദ്ധീൻ  വർക്കിംഗ് സെക്രട്ടറിയും കുടുംബത്തിൽ ഇബ്റാഹീം ഹാജി വൈസ് പ്രസിഡന്റും
ഇല്ലത്തൊടി സക്കീർ ജോയിന്റ് സെക്രട്ടറിയുമായിട്ടുള്ള കമ്മിറ്റിയാണ് ജുമുഅ മസ്ജിദിന്റെ ഭരണം നടത്തുന്നത്.