പുഴയിലെ മണൽ തിട്ട നീക്കം ചെയ്യൽ ; ഇറിഗേഷന്‍ വകുപ്പ് എഞ്ചിനീയര്‍മാര്‍ സന്ദർശനം നടത്തി
മൂര്‍ക്കനാട്: മൂര്‍ക്കനാട് പ്രദേശത്ത് പുഴയുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുന്നതിന് പുഴയില്‍ രൂപപ്പെട്ടിട്ടുളള മണല്‍തിട്ടകളും പുല്‍ക്കാടുകളും നീക്കം ചെയ്യുന്നതിന് അനുമതി നല്‍കുന്നതിന് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മലപ്പുറം കളക്ട്രേറ്റില്‍ നിന്നുളള ഇറിഗേഷന്‍ വകുപ്പിന്റെ എഞ്ചിനീയര്‍മാര്‍ മൂര്‍ക്കനാട് പ്രദേശത്ത് പുഴയില്‍ പുല്‍ക്കാടുകളും മണല്‍ തിട്ടകളും ഉള്‍പ്പെടുന്ന വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് മെമ്പര്‍ അഡ്വ. ടികെ റഷീദലി, CPIM മങ്കട ഏരിയ സെക്രട്ടറിയും യുവജന കമ്മീഷന്‍ അംഗവുമായ പികെ അബ്ദുളള നവാസ്, ഏരിയ കമ്മറ്റി അംഗം പി നസീം, ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി സൈനുദ്ധീന്‍ മാസ്റ്റര്‍, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുരളി മാസ്റ്റര്‍ എന്നിവര്‍ മലപ്പുറം കളക്ട്രേറ്റില്‍ ADM, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരെ കണ്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായും, വിഷയം ബഹു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതിന്റെയും ഭാഗമായാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പുഴ സന്ദര്‍ശിച്ചതെന്ന് സൈനുദ്ധീന്‍ മാസ്റ്റര്‍ അറിയിച്ചു. അനുമതി ലഭിച്ചാലുടന്‍ പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് പുഴയിലെ മണല്‍തിട്ടകളും പുല്‍ക്കാടുകളും നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാലന്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി സൈനുദ്ധീന്‍ മാസ്റ്റര്‍, മെമ്പര്‍ വി സുന്ദരന്‍ എന്നിവര്‍ ഉദ്യോഗസ്ഥരെ അനുഗമിച്ചു.