Moorkanad Live

സമകാലിക ജീവിതത്തിന്‍റെ പരിഛേദം

KERALANEWS

വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നയാൾ പിടിയിൽ

വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്നയാൾ പിടിയിൽ ; മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ഒട്ടേറെ കേസുകളുടെ ചുരുളഴിയും
പെരിന്തൽമണ്ണ : മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ വാക്കയിൽ അക്ബർ (52) ആണ് കാളികാവ് പോലീസിന്റെ പിടിയിലായത്. ഒട്ടേറെ മോഷണക്കേസുകളുടെ ചുരുളഴിയുമെന്ന് പോലീസ് അറിയിച്ചു. കാളികാവ് സ്റ്റേഷൻ പരിധിയിലെ വെള്ളയൂർ ആക്കുംപാറിൽ വാൽപറമ്പൻ ആമിനയുടെ വീട്ടിൽനിന്ന് 17 പവൻ സ്വർണാഭരണവും 70,000 രൂപയും മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കാളികാവ്, വഴിക്കടവ് സ്റ്റേഷൻ പരിധികളിൽത്തന്നെ ഇയാളുമായി ബന്ധപ്പെട്ട് ആറ് കേസുകളുള്ളതായി പോലീസ് അറിയിച്ചു. മറ്റു ജില്ലകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണ്. ഫെബ്രുവരി 29-നാണ് ആമിനയുടെ വീട്ടിൽ മോഷണം നടത്തിയത്. ആമിന മരുമകളുമായി ആശുപത്രിയിൽ പോയതായിരുന്നു. സമീപത്തെ വീടിന്റെ പിറകിൽക്കിടന്ന കമ്പിയെടുത്ത് മുൻവാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ജില്ലയിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം വർധിച്ചതോടെ അന്വേഷണം ഊർജിതമാക്കാൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം പ്രത്യേകം നിർദേശം നൽകിയിരുന്നു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി പി.സി. ഹരിദാസന്റെ നേതൃത്വത്തിൽ കാളികാവ് പോലീസ് ഇൻസ്‌പെക്ടർ പി. ജ്യോതീന്ദ്രകുമാറും എസ്.ഐ സി.കെ. നൗഷാദും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ആക്കുംപാറിൽ മറ്റൊരു വീടിന്റെ പൂട്ടുപൊളിച്ച് 40,000 രൂപയും വഴിക്കടവ്, വട്ടപ്പാടം എന്നിവിടങ്ങളിലെ മൂന്ന് വീടുകളുടെ പൂട്ടുപൊളിച്ച് സ്വർണവും പണവും ഇയാൾ കവർച്ച നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ധ്യ, സിവിൽ പോലീസ് ഓഫീസർമാരായ എം.ടി. കൃഷ്ണകുമാർ, കെ.ടി. ആഷിഫ് അലി, സജീഷ്, രാരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.